എന്റെ വാർത്ത പൃഥ്വിരാജ് കാണുമോ?; പോരാടി നേടിയ വിജയം നടനെ അറിയിക്കാനുള്ള ആഗ്രഹത്തിൽ അനീഷ്

മിനി ഫ്രാന്‍സിസിനൊപ്പം എ.സി അനീഷ് | Photo: Mathtubhumi
മിനി ഫ്രാന്‍സിസിനൊപ്പം എ.സി അനീഷ് | Photo: Mathtubhumi

തൃശ്ശൂർ: സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാംസ്ഥാനവും നാടൻപാട്ടിന് രണ്ടാംസ്ഥാനവും നേടിയ എ.സി. അനീഷിന്റെ ചോദ്യം-''എന്റെ വാർത്ത പത്രത്തിൽ വന്നാൽ പൃഥ്വിരാജ് കാണുമോ? പ്രതിസന്ധികളോട് ഒന്നിലേറെത്തവണ പോരാടിനേടിയ ജീവിതത്തിൽ കൈവരിച്ച ഈ നേട്ടം നടൻ പൃഥ്വിരാജിനെ അറിയിക്കണം. അതാണ് 30-കാരനായ അനീഷിന്റെ ആഗ്രഹം.

തന്റെ വാർത്ത വായിച്ച് പൃഥ്വിരാജ് അഭിനന്ദിക്കണം. അങ്ങനെ നേരിൽക്കാണാൻ കഴിയണം. ജീവിതാഭിലാഷമാണിത്. കൊണ്ടാഴിയിലെ കാരുണ്യ ബി.ആർ.സി.യിലെ അംഗമാണ് അനീഷ്. ആയ മിനി ഫ്രാൻസിസ് ആണ് അനീഷിനെ സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ കൊണ്ടുവന്നത്.

കൊണ്ടാഴി ചേലക്കോട്ടെ കൂലിത്തൊഴിലാളിയായ നിർമലയുടെയും ടാപ്പിങ് തൊഴിലാളിയായിരുന്ന ചാക്കോയുടെയും മകനാണ് അനീഷ്. നന്നേ ചെറുപ്പത്തിൽ അനീഷ് മരിച്ചെന്ന് ഡോക്ടർമാർ പറഞ്ഞതാണ്. പക്ഷേ, രക്ഷപ്പെട്ടു. മരുന്നു മാറിനൽകിയതായിരുന്നു പ്രശ്‌നം. അതോടെ 12 വയസ്സുവരെ കിടപ്പിലായിരുന്നു. തല മാത്രം വളരുന്ന അവസ്ഥയായിരുന്നു പിന്നീട്. അതിനെയെല്ലാം അതിജീവിച്ചു.

നാലാംക്ലാസ് വരെ പഠിച്ചു. പിന്നീട് നിർത്തി. പാട്ടുകേട്ട് അനുകരിച്ചാണ് പഠിച്ചുതുടങ്ങിയത്. ആയമാരും വീട്ടുകാരും പ്രോത്സാഹിപ്പിച്ചു. അതോടെ മികച്ച ഗായകനായി. അത്യാവശ്യം മിമിക്രിയും ചെയ്യും. താരമായി തിളങ്ങിനിൽക്കവേയാണ് വാഹനമിടിച്ചത്. അതോടെ വീണ്ടും പ്രതിസന്ധിയായി. ഇപ്പോൾ എല്ലാം അതിജീവിച്ച് മത്സരങ്ങളിൽ തിളങ്ങുകയാണ് അനീഷ്.

Content Highlights: differently abled aneeshs desire to meet actor prithviraj