25 കിലോ സ്വര്‍ണം അണിഞ്ഞ് സ്വര്‍ണം പൂശിയ കാറില്‍;പുണെയില്‍ നിന്നുള്ള കുടുംബത്തിന്റെ തിരുപ്പതി ദര്‍ശനം

ആന്ധ്രാ പ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രം. ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദര്‍ശനം ലഭിക്കാന്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി ഭക്തരാണ് ദിവസവും ഇവിടെ എത്താറുള്ളത്. കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തന്റെ 69-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു താരം തിരുമലയിലെ ശ്രീ ബാലാജി സന്നിധിയിലെത്തിയത്.
ഇപ്പോഴിതാ തിരുമലയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 25 കിലോഗ്രാം വരുന്ന സ്വര്‍ണം ധരിച്ച് ഒരു കുടുംബം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. പുണെയില്‍ നിന്നുള്ള സണ്ണി നാനാ വാഗ്‌ചോരി, സഞ്ജയ് ദത്താത്രയ ഗുജാര്‍, പ്രീതി സോണി എന്നിവരാണ് ഏകദേശം 180 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭാരണങ്ങള്‍ അണിഞ്ഞെത്തിയത്. അതു മാത്രമല്ല, സ്വര്‍ണം പൂശിയ കാറിലാണ് കുഞ്ഞുള്‍പ്പെടെയുള്ള ഈ നാലംഗ സംഘം എത്തിയത്.
പുരുഷന്‍മാര്‍ രണ്ട് പേരും കഴുത്തില്‍ നിരവധി ലെയറുകളുള്ള സ്വര്‍ണമാലയാണ് ധരിച്ചിരുന്നത്. കഴുത്തില്‍ പാമ്പ് ചുറ്റിക്കിടക്കുന്നതുപോലെയാണ് ഈ സ്വര്‍ണമാല തോന്നുക. ഒപ്പം സ്വര്‍ണം പൂശിയ കണ്ണടയും വളയും ധരിച്ചു. ഒരു വധുവിനെപ്പോലെയാണ് സ്ത്രീ ഒരുങ്ങിയിരിക്കുന്നത്. ഇവരുടെ കഴുത്തില്‍ നിറയെ ചെയ്‌നുകളും നെക്ക്‌ളേസുകളുമുണ്ട്. കൈയില്‍ നിറയെ വളകളും കാണാം. ഇതിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയാണ് യുവതി ധരിച്ചിരുന്നത്. ഇവര്‍ക്ക് ചുറ്റും സുരക്ഷാ ഗാര്‍ഡുകളേയും കാണാം.
ഓരോ ദിവസവും 75000 മുതല്‍ 90000 വരെ തീര്‍ഥാടകരാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്താറുള്ളത്. ജൂലൈയില്‍ 125 കോടി രൂപയാണ് ഭണ്ഡാരം വഴിപാട് മുഖേന ലഭിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്യാമള റാവു അറിയിച്ചിരുന്നു. ആ മാസം 22 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. 8.6 ലക്ഷം ഭക്തര്‍ ക്ഷേത്രത്തില്‍ ആചാരപരമായ വഴിപാടുകളും നടത്തി. ഒരു കോടിയലധികം ലഡ്ഡുവും ആ മാസം വിറ്റു.
Content Highlights: devotees from pune visit tirumala temple wearing 25 kg gold