ട്രോളുകൾ ബാധിക്കാറില്ല, പക്ഷേ കുഞ്ഞിന്റെ നിറത്തെച്ചൊല്ലിയുള്ള അധിക്ഷേപങ്ങൾക്ക് ക്ഷമയില്ലെന്ന് നടി

ദേവൊലിന മകനൊപ്പം| ഫോട്ടോ: devoleena bhattajarya
ദേവൊലിന മകനൊപ്പം| ഫോട്ടോ: devoleena bhattajarya

നിറത്തിന്റെ പേരിൽ കുഞ്ഞിനെ സമൂഹികമാധ്യമങ്ങളിലെ കമൻ്റുകളിലൂടെ അധിക്ഷേപിച്ചവരെ നിയമപരമായി നേരിടാനൊരുങ്ങി നടി ദേവോലിന ഭട്ടാചാര്യ. വർണവിവേചനത്തിനെതിരെ പോരാട്ടം തുടരുമെന്നും വിവേചനരഹിതമായ ഒരു സമൂഹത്തിനായി ആഗ്രഹിക്കുന്നുവെന്നും ദേവോലിന പ്രതികരിച്ചു. 

'ഒരു സെലിബ്രിറ്റി എന്ന നിലയിൽ, എന്റെ ജോലിയെയും ജീവിതശൈലിയെയും കുറിച്ചുള്ള ട്രോളുകളെ ഞാൻ സ്വാഗതം ചെയ്യുന്നു. അവ എന്നെ ബാധിക്കുന്നില്ല. സ്നേഹത്തോടൊപ്പം വിദ്വേഷവും ലഭിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ വിവാഹത്തെപോലും ചോദ്യം ചെയ്യുന്ന ട്രോളുകളോട് ഞാൻ മൗനം പാലിച്ചു. എന്നാൽ, തന്റെ മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ട്രോളർമാർ തന്റെ കുഞ്ഞ് മകൻ ജോയ്‌ക്കെതിരെ നടത്തിയ വർണവിവേചനപരമായ അധിക്ഷേപം അതിരുകടന്നു. വർണവിവേചനം ഒരു കുറ്റകൃത്യമാണെന്ന് ട്രോളർമാർ മറക്കുന്നുവെന്നും ദേവോലിന വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പ്രതികരിച്ചു. 

വിദ്വേഷകരമായ കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചാണ് ദേവോലിന കേസ് ഫയൽ ചെയ്തിരിക്കുന്നത്. ട്രോൾ ചെയ്ത പല അക്കൗണ്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇല്ലെന്നും എങ്കിലും അവർ കണ്ടെത്തുമെന്നും ദേവോലിന പറഞ്ഞു. 

നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ചവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ തന്റെ സ്റ്റോറിയിൽ പങ്കുവെച്ചാണ് ദേവോലിന ആദ്യം പ്രതികരിച്ചത്. അടുത്തിടെ ദേവോലിന തന്റെ മകൻ ജോയിയുടെ ഏഴാം മാസം ആഘോഷിച്ചിരുന്നു. മകന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ചിലർ കുഞ്ഞിന്റെ നിറത്തെക്കുറിച്ച് വർണവിവേചനപരമായ കമന്റുകൾ നടത്തി. കുട്ടിയുടെ അച്ഛൻ്റെ നിറത്തെ അധിക്ഷേപിച്ചായിരുന്നു പലരും മോശം കമൻ്റുകൾ പങ്കുവെച്ചത്. 

2022- ലാണ് ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം ദേവോലിന ഭട്ടാചാര്യയും ഷാൻവാസ് ഷെയ്ഖും വിവാഹിതരാകുന്നത്. പിന്നാലെ ഇതര മതസ്ഥനെ വിവാഹം കഴിച്ചതിനും സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും മാതാപിതാക്കളായത്. തൻ്റെ ജിം ട്രെയിനർ കൂടിയായിരുന്ന ഷാൻവാസുമായുള്ള സൗഹൃദത്തെ കുറിച്ചും ബിഗ്ബോസ് താരം കൂടിയായ ദേവോലിന പലപ്പോഴും സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

Content Highlights: TV actress Devoleena Bhattacharjee files cyber crime case against trolls who made racist comments