പ്രേമം ഡെസ്റ്റിനേഷന്‍ വിവാഹത്തോട്; പ്രേരണയായി വിദ്യാ വോക്‌സിന്റെ പാട്ട്

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഡംബര ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചു നടത്തുന്ന ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ക്ക് കേരളത്തിലും പ്രിയമേറുന്നു. ഇതിനു പ്രേരണയായി മാറുകയാണ് ഇന്തോ-അമേരിക്കന്‍ ഗായികയായ വിദ്യാ വോക്‌സിന്റെ പാട്ട്. വിദ്യയുടെ മലയാളവും ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന 'ശുഭമാംഗല്യം' എന്ന പാട്ട് ഇന്റര്‍നെറ്റില്‍ വന്‍പ്രചാരം നേടിക്കഴിഞ്ഞു. 23 ലക്ഷം പേര്‍ ഇതു കണ്ടു. കേരളം ഡെസ്റ്റിനേഷന്‍ കല്യാണങ്ങള്‍ക്ക് പറ്റിയതാണെന്നു വ്യക്തമാക്കുംവിധമാണ് പാട്ടിന്റെ ചിത്രീകരണം.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം നിയമസഭയില്‍ ഡെസ്റ്റിനേഷന്‍ കല്യാണത്തെക്കുറിച്ചു പറയുന്നതിനിടെ വിദ്യയുടെ പാട്ടിനെക്കുറിച്ചും പറഞ്ഞിരുന്നു. 'കരയൊരുങ്ങി, കടലൊരുങ്ങി, നിനക്കായ് ശുഭമാംഗല്യം...' എന്നു തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണത്തിന് വിനോദസഞ്ചാരവകുപ്പിന്റെ സഹകരണം ലഭിച്ചിരുന്നു. വേമ്പനാട് കായല്‍, മാരാരി ബീച്ച്, വാഗമണ്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. മലയാളികളല്ലാത്ത വധൂവരന്മാര്‍ കേരളത്തില്‍ വിവാഹാഘോഷം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യയുടെ ഗാനം കൊഴുക്കുന്നത്.
കേരളത്തില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇത്തരം കല്യാണത്തിനു സൗകര്യമൊരുക്കുന്നുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ കോവളം സമുദ്ര, കുമരകം വാട്ടര്‍ സ്‌കേപ്‌സ്, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവ ഡെസ്റ്റിനേഷന്‍ വിവാഹ കേന്ദ്രമായും വികസിപ്പിച്ചു. ബോള്‍ഗാട്ടി പാലസില്‍ ഒരുവര്‍ഷത്തിടെ 289 കല്യാണം നടന്നു. കുമരകത്ത് 20-ഉം കോവളം സമുദ്രയില്‍ നാലും. ഇതിന്റെ പതിന്മടങ്ങാണ് സ്വകാര്യ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും. ശംഖുംമുഖത്തെ മുത്തുച്ചിപ്പി പാര്‍ക്കില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരുവര്‍ഷത്തേക്ക് ഇതു കരാര്‍ നല്‍കിയിരിക്കുന്നത് 12.5 ലക്ഷം രൂപയ്ക്കാണ്.
നിരക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച്
എവിടെ, ഏതുതരം ഹോട്ടല്‍, ചടങ്ങുകളുടെ രീതി, അതിഥികളുടെ എണ്ണം, എത്ര ദിവസം തുടങ്ങിയവ കണക്കിലെടുത്താണ് നിരക്ക് നിശ്ചയിക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒരു വിവാഹത്തിനുള്ള നിരക്ക്. അഞ്ചുമുതല്‍ 10വരെ കോടി രൂപ ചെലവഴിക്കുന്നവരുണ്ട്.
'വിവാഹം എങ്ങനെ നടത്തണമെന്ന് വരന്‍, വധു എന്നിവരുമായി വിശദമായി ചര്‍ച്ച ചെയ്യും. ഭക്ഷണം, വാഹനം എന്നിവയ്‌ക്കെല്ലാം പ്രത്യേകമായി എത്രരൂപ വീതമാകുമെന്ന് അറിയിക്കും. ഇരുകൂട്ടരും സമ്മതിക്കുന്നതോടെയാണ് വിവാഹനടത്തിപ്പ് ഏറ്റെടുക്കുന്നത്.'- ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടി അപര്‍ണ ബാലമുരളിയുടെ കമ്പനിയുടെ സഹസംരംഭകനായ മഹേഷ് രാജന്‍ പറയുന്നു.
Content Highlights: destination wedding in kerala and song of vidya vox