'ഓരോ വർഷവും ഭർത്താവ് 3 കിലോ സ്വർണം സമ്മാനിക്കും, ഇപ്പോൾ കൈയിൽ 40 കിലോ സ്വർണം'

സതീഷ് സന്‍പാലും തബിന്ദയും | Photo: instagram/ tabinda
സതീഷ് സന്‍പാലും തബിന്ദയും | Photo: instagram/ tabinda

ദുബായിലെ ധനികരായ ഇന്ത്യൻ പ്രവാസികൾ അതിഥികളായെത്തുന്ന നെറ്റ്ഫ്‌ളിക്‌സ് റിയാലിറ്റി ഷോയാണ് ദേസി ബ്ലിങ്. സമ്പന്നരായ ഇന്ത്യക്കാരുടെ ആഡംബര ജീവിതമാണ് ഈ ഷോയിൽ കാണിക്കുന്നത്. ദുബായിലെ പ്രമുഖ വ്യവസായി ദമ്പതികളായ സതീഷ് സൻപാലും ഭാര്യ തബിന്ദ സൻപാലും ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്.

ഇതിന് പിന്നാല തബിന്ദയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സതീഷിന് സ്വർണം വാങ്ങാൻ വലിയ താത്പര്യമാണെന്നും എല്ലാ വർഷവും തനിക്ക് മൂന്ന് കിലോ സ്വർണം സമ്മാനിക്കാറുണ്ടെന്നും തബിന്ദ പറഞ്ഞു. ഇപ്പോൾ തന്റെ കൈയിൽ 40 കിലോ സ്വർണമുണ്ടെന്നും അവർ വെളിപ്പെടുത്തി.

'മകളുടെ ഒന്നാം പിറന്നാളിന് പിങ്ക് നിറത്തിലുള്ള റോൾസ് റോയ്‌സ് കാർ സമ്മാനിച്ചിരുന്നു. പിറന്നാൾ പാർട്ടിയിൽ സ്വർണ വസ്ത്രവും 24 കാരറ്റ് സ്വർണ ജാക്കറ്റുമാണ് കുഞ്ഞിനെ ധരിപ്പിച്ചിരുന്നത്. അവളാണ് ദുബായിലെ ഏറ്റവും ധനികയായ കുഞ്ഞ്. മാത്രമല്ല, സതീഷ് എപ്പോഴും സ്വർണം വാങ്ങാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാ വർഷവും എനിക്ക് മൂന്ന് കിലോ സ്വർണം വാങ്ങിത്തരാറുണ്ട്. എന്റെ കൈയിൽ ഇപ്പോൾ 40 കിലോ സ്വർണമുണ്ട്.'-തബിന്ദ പറയുന്നു.

ആഡംബരത്തോടുള്ള സതീഷിന്റെ അഭിനിവേശത്തെക്കുറിച്ചും നല്ല വസ്ത്രങ്ങൾ ധരിക്കുന്നത് എത്രത്തോളം ആസ്വദിക്കുന്നുവെന്നും തബിന്ദ വെളിപ്പെടുത്തി, 'എല്ലാ വസ്ത്രവും സതീഷിനുവേണ്ടി കസ്റ്റം-മെയ്ഡ് ആണ്. അദ്ദേഹത്തിന്റെ വസ്ത്ര ഡിസൈനുകൾ ആവർത്തിക്കാറില്ല. അതുമായി ബന്ധപ്പെട്ട് ഒരു കരാർപോലും ഒപ്പിട്ടിട്ടുണ്ട്.'-തബിന്ദ പറയുന്നു.

ഇന്ത്യയിലെ ജബൽപുരിൽ ജനിച്ച സതീഷ് 80000 രൂപയുമായി ദുബായിലെത്തിയാണ് തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത്. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അദ്ദേഹം ഇന്ന് അനാക്‌സ് ഹോൾഡിങ്ങിന്റെ ചെയർമാനാണ്. ദുബായിലെ റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, മീഡിയ തുടങ്ങിയ വിവിധ മേഖലകളിൽ കമ്പനി സജീവമാണ്. തബിന്ദ ബ്രിട്ടീഷ്-പാകിസ്താനി വംശജയാണ്. ഒരു വയസുകാരിയായ ഇസബെല്ലയാണ് മകൾ.

Content Highlights: Overview of the Netflix series Desi Bling featuring Dubai expats., Details on Tabinda Sanpal's 40kg gold collection and gold-themed lifestyle., Insights into Satish Sanpal's rise from Jabalpur to a Dubai billionaire., Viral moments featuring Karan Kundrra and Tejasswi Prakash., Exorbitant lifestyle details including gold cutlery and custom luxury items for their daughter Bella.