'ഇന്ത്യക്കാര്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു'-കൊറിയന്‍ യുവതിയെ കെട്ടിപ്പിടിച്ച് യുവാവ്, വിമര്‍ശനം

കൊറിയയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളായ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട് യുവാവ്. ഇന്ത്യാ ഗേറ്റിന് മുന്നില്‍വെച്ച് ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. രണ്ട് കൊറിയന്‍ യുവതികളോട് അവരെ ആലിംഗനം ചെയ്യണമെന്നും അത് തന്റെ ആഗ്രഹമാണെന്നും യുവാവ് പറയുകയായിരുന്നു.
ആദ്യം കൈ മുഷ്ടി ചുരുട്ടി 'ഒരു പഞ്ച് തരുമോ' എന്നാണ് യുവാവ് ചോദിക്കുന്നത്. പഞ്ച് ചെയ്യണമെന്നത് തന്റെ ആഗ്രഹമാണെന്നും യുവാവ് പറയുന്നുണ്ട്. ആദ്യം യുവതിക്ക് കാര്യം മനസിലായില്ല. എന്നെ ഇടിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്ന് യുവതി ചോദിക്കുന്നുണ്ട്. പിന്നീടാണ് യുവാവ് ഉദ്ദേശിക്കുന്നത് 'ഫിസ്റ്റ് ബമ്പാണെ'ന്ന് യുവതിക്ക് മനസിലാകുന്നത്. അവര്‍ കൈ ചുരുട്ടി യുവാവിന്റെ കൈയില്‍ ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ അതിനുശേഷം യുവാവ് മറ്റൊരു ആഗ്രഹം കൂടി പറയുകയായിരുന്നു. അവരെ കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞതുകേട്ട് യുവതികള്‍ അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. അവസാനം ഒരു യുവതി ആലിംഗനം ചെയ്യാന്‍ തയ്യാറാകുന്നു. ഒട്ടും 'കംഫര്‍ട്ടബ്ള്‍' അല്ലാത്ത രീതിയില്‍ അവര്‍ യുവാവിനെ കെട്ടിപ്പിടിക്കുന്നു. തുടര്‍ന്ന് 'നിങ്ങള്‍ വളരെ ക്യൂട്ടാണ്. ഐ ലവ് യൂ' എന്ന് യുവാവ് യുവതിയോട് പറയുന്നുണ്ട്. ഒന്നും മനസിലാകാതിരുന്ന യുവതി 'ഐ ലവ് യു' എന്ന് തിരിച്ചു പറയുന്നുമുണ്ട്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവാവിനെ വിമര്‍ശിച്ച് കമന്റ് ചെയ്തത്. 'ഇന്ത്യക്കാര്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു' എന്നാണ് ഒരാള്‍ കുറിച്ചത്. 'അവര്‍ ചിരിക്കാന്‍ പ്രയാസപ്പെടുന്നത് കാണുമ്പോള്‍തന്നെ മനസിലാക്കാം എത്രമാത്രം അസ്വസ്ഥയാണെന്ന് എന്നായിരുന്നു ഒരു കമന്റ്. ഇത്തരം കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്ന് ഒരാള്‍ കമന്റ് ചെയ്തു.
Content Highlights: delhi man misbehaviour to korean woman tourists