‘പരസ്പരം ഫോളോ ചെയ്യാതിരുന്നത് ഒരുമിച്ചെടുത്ത തീരുമാനം; എല്ലാം ഇൻസ്റ്റഗ്രാമിനും പാപ്പരാസികൾക്കും വേണ്ടിയല്ല’

ഫറാ ഖാൻ, ദീപികാ പദുക്കോൺ | Photos: PTI, ANI
ഫറാ ഖാൻ, ദീപികാ പദുക്കോൺ | Photos: PTI, ANI

ദീപിക പദുക്കോൺ ഒരു ദിവസം എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും പ്രമുഖ നൃത്തസംവിധായികയുമായ ഫറാ ഖാൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതോടെ ഫറാ ഖാനും ദീപിക പദുക്കോണും ഇൻസ്റ്റഗ്രാമിൽ പരസ്പരം 'അൺഫോളോ' ചെയ്തുവെന്നും ഇത് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിൻ്റെ സൂചനയാണെന്നും അഭ്യൂഹങ്ങൾ ശക്തമായി. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുയാണ് ദീപികയും ഫറയും.

തന്റെ പാചകക്കാരനായ ദിലീപിനൊപ്പമാണ് ഫറാ ഖാന്‍ വ്‌ളോഗുകള്‍ ചെയ്യാറുള്ളത്. ദിലീപിന്റെ ചോദ്യത്തിന് മറുപടിയായാണ് ദീപികയെ കുറിച്ചുള്ള രസകരമായ പരാമര്‍ശം ഫറാ ഖാന്‍ നടത്തിയത്. വ്ളോഗിലെ ട്രോൾ ചർച്ചയായതോടെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫറാ ഈ വിഷയത്തിൽ വിശദീകരണം നൽകിയത്.

ഫോളോ ചെയ്യാതിരുന്നത് ഒരുമിച്ചെടുത്ത തീരുമാനം

സോഷ്യൽ മീഡിയയിൽ ദീപികയെയും രൺവീറിനെയും അൺഫോളോ ചെയ്തുവെന്ന പ്രചാരണത്തോടും ഫറാ പ്രതികരിച്ചു. ‘തുടക്കം മുതലേ ഞങ്ങൾ പരസ്പരം ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല. ‘ഹാപ്പി ന്യൂ ഇയർ' ഷൂട്ടിങ്ങിനിടെ ഞങ്ങൾ എടുത്ത തീരുമാനമാണിത്. ഇൻസ്റ്റഗ്രാമിൽ കൂടെയുള്ള ബന്ധത്തിനു പകരം ഡയറക്ട് മെസേജുകളോ കോളുകളോ മതി എന്നായിരുന്നു ആ തീരുമാനം. ദീപികയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് ഞങ്ങൾ ഇൻസ്റ്റഗ്രാമിൽ ജന്മദിനാശംസകൾ പോലും പോസ്റ്റ് ചെയ്യാറില്ല’- ഫറാ കൂട്ടിച്ചേർത്തു

എട്ട് മണിക്കൂർ ഷിഫ്റ്റ്: അതൊരു തമാശ മാത്രമായിരുന്നു

ദീപികയുടെ എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യത്തെക്കുറിച്ചുള്ള തൻ്റെ അഭിപ്രായം ഒരു കുറ്റപ്പെടുത്തലായിരുന്നില്ലെന്നും ഫറാ വ്യക്തമാക്കി. 

‘എൻ്റെ ‘എട്ട് മണിക്കൂർ കമൻ്റ്’ ഒരു കുറ്റപ്പെടുത്തലായിരുന്നില്ല. രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്ന ദിലീപ് ഇനി എട്ട് മണിക്കൂർ ജോലി ചെയ്യുമെന്ന് പറയിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു അത്’ ഫറാ ഖാൻ വിശദീകരിച്ചു.

ദീപികയുടെ പ്രതികരണവും വ്യക്തിപരമായ ബന്ധവും

ദുആ ജനിച്ചപ്പോൾ ദീപികയെ സന്ദർശിച്ച ആദ്യത്തെ ആളുകളിൽ ഒരാളായിരുന്നു താനെന്നും എല്ലാം ഇൻസ്റ്റഗ്രാമിനും പാപ്പരാസികൾക്കും വേണ്ടിയല്ല ചെയ്യുന്നതെന്നും ഫറാ ഖാൻ കൂട്ടിച്ചേർത്തു. ഫറാ ഖാനുമായുള്ള അഭിമുഖവുമായി ബന്ധപ്പെട്ട പിങ്ക് വില്ലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ‘ആമേൻ’ എന്ന് ദീപിക കമൻറ് ചെയ്തിട്ടുണ്ട്.

2024 സെപ്റ്റംബറിൽ മകൾ ജനിച്ചതിനുശേഷം ഷൂട്ടുകൾക്കായി എട്ട് മണിക്കൂർ ഷിഫ്റ്റ് വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഈ ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് പല ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്നും ദീപിക മാറിയെന്നും സൂചനയുണ്ട്. 'കൽക്കി 2898 എഡി'യുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസും ദീപിക സിനിമയുടെ രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ലെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആദ്യ ചിത്രത്തെക്കാൾ 25% കൂടുതൽ പ്രതിഫലവും ഏഴ് മണിക്കൂർ ഷിഫ്റ്റ് പരിധിയും അധിക മണിക്കൂറുകൾക്ക് പ്രത്യേക പേമെൻ്റും ദീപിക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ ദീപിക പ്രതികരിച്ചിട്ടില്ല. 

ഫറാ ഖാൻ്റെ 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 

Content Highlights: Filmmaker Farah Khan clarifies her vlog comment about Deepika Padukone`s "8-hour workday."