'മാതാപിതാക്കള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിട്ടുണ്ട്, ചെസ്സ് കളിക്കാനുള്ള കാരണം പണമല്ല'

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ അവസാന ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ കീഴടക്കിയാണ് ദൊമ്മരാജു ഗുകേഷ് എന്ന പതിനെട്ടുകാരൻ ലോക ചെസ് കീരീടം വീണ്ടും ഇന്ത്യയിലേക്കെത്തിച്ചത്. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കിയ ഗുകേഷിന് അഭിനന്ദനപ്രവാഹമാണ്. പിന്നാലെ ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രോത്സാഹനമായി 5 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ലോകചാമ്പ്യനായതോടെ 11.45 കോടിരൂപ ഗുകേഷിന് സമ്മാനമായി ലഭിച്ചിരുന്നു. ഇപ്പോഴിതാ സാമ്പത്തികമായി ബുദ്ധിമുട്ടിലായ കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഗുകേഷ്. അതേസമയം ചെസ്സ് കളിക്കാനുള്ള കാരണം പണമല്ലെന്നും ഇന്ത്യൻ താരം പറയുന്നു.
ഞാന്‍ ചെസ്സ് കളിക്കാനാരംഭിച്ചപ്പോള്‍ കുടുംബത്തിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട്. മാതാപിതാക്കള്‍ സാമ്പത്തികമായും വൈകാരികവുമായ ബുദ്ധിമുട്ടിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ കംഫര്‍ട്ടബിളാണ്. മാതാപിതാക്കള്‍ക്ക് അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല.- ഫിഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുകേഷ് പറഞ്ഞു.
വ്യക്തിപരമായി ചെസ്സ് കളിക്കാനുള്ള കാരണം പണമല്ലെന്നും ഇപ്പോഴും ചെസ്സ് കളിക്കാനിഷ്ടപ്പെടുന്ന കുട്ടിയാണ് താനെന്നും ഗുകേഷ് പറഞ്ഞു. ഞാന്‍ മികച്ച ചെസ്സ് താരമായതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഒരു മികച്ച വ്യക്തിയാണെന്ന് കേള്‍ക്കുമ്പോഴാണ് കൂടുതല്‍ സന്തോഷമെന്ന് അമ്മ പറയാറുണ്ടെന്നും ഗുകേഷ് ഓര്‍ത്തെടുത്തു.
ചെസ്സ് കളിക്കുമ്പോള്‍ പുതിയതായി ഒരു കാര്യം പഠിക്കുന്നതായാണ് അനുഭവപ്പെടുന്നത്. യാത്രയും ലക്ഷ്യസ്ഥാനവും പ്രധാനമാണ്. മനോഹരമായി കളിച്ചിട്ടാണ് തോല്‍ക്കുന്നതെങ്കില്‍ എനിക്ക് വലിയ സങ്കടം തോന്നും. എന്നാല്‍ മികച്ച രീതിയില്‍ കളിച്ചില്ലെങ്കില്‍ പോലും ജയിക്കാനായാല്‍ സന്തോഷവാനായിരിക്കും. ഞാന്‍ മത്സരഫലമാണ് നോക്കുന്നത്.- ഗുകേഷ് കൂട്ടിച്ചേര്‍ത്തു.
ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ ആകെ സമ്മാനത്തുക 25 ലക്ഷം ഡോളര്‍ (ഏകദേശം 21.11 കോടി രൂപ) ആണ്. 14 ഗെയിമുകളില്‍ ജയിക്കുന്ന ഓരോ ഗെയിമിനും രണ്ടു ലക്ഷം ഡോളര്‍ (1.69 കോടിയോളം) വീതം താരങ്ങള്‍ക്ക് ലഭിക്കും. ബാക്കിത്തുക ഇരുതാരങ്ങളും തുല്യമായി പങ്കുവെയ്ക്കുകയും ചെയ്യും. മൂന്ന് മത്സരങ്ങള്‍ ജയിച്ചതോടെ ഗുകേഷിന് ആറ് ലക്ഷം ഡോളര്‍ (5.07 കോടി രൂപയോളം) ആണ് സമ്മാനമായി ലഭിച്ചത്. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിക്കുകയാണ് ചെയ്യുക.
ഇതോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഗുകേഷിന് 13.5 ലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് 11.50 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുക. ഡിങ് ലിറന് 11.5 ലക്ഷം യുഎസ് ഡോളര്‍ (9.75 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനമായി കിട്ടി. പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ സമ്മാനം പ്രഖ്യാപിച്ചത്.
ആറര പോയിന്റിനെതിരേ ഏഴര പോയിന്റ് നേടിയാണ് ഗുകേഷ് വിശ്വവിജയിയായത്. 14 ഗെയിമുകളുള്ള ഫൈനലില്‍ മൂന്നു കളികള്‍ ഗുകേഷും രണ്ടുകളികള്‍ ഡിങ്ങും ജയിച്ചു. ഒമ്പത് ഗെയിമുകള്‍ സമനിലയിലായി. വിശ്വനാഥന്‍ ആനന്ദിനുശേഷം ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായി ഗുകേഷ്. ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗുകേഷിന് സ്വന്തമായി. 22-ാം വയസ്സില്‍ ചാമ്പ്യനായ റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോഡാണ് ഗുകേഷ് മറികടന്നത്.
Content Highlights: D Gukesh Reacts To Prize Money After Becoming World Champion