'ഒരു വര്‍ഷത്തിലേറെയായി പരിചയത്തില്‍'; റിങ്കു സിങും SP എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു

റിങ്കു സിങ്, പ്രിയ സരോജ്
റിങ്കു സിങ്, പ്രിയ സരോജ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ് വാദി പാര്‍ട്ടി എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. പ്രിയ സരോജിന്റെ കുടുംബത്തെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവര്‍ തമ്മില്‍ വിവാഹതരാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നെങ്കിലും ആലോചന മാത്രമേ നടന്നിട്ടുള്ളൂവെന്നായിരുന്നു പ്രിയയുടെ പിതാവും എസ്പി എംഎല്‍എയുമായ തുഫാനി സരോജിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ വിവാഹം ഉറപ്പിച്ചതായി തുഫാനി സരോജ് തന്നെ അറിയിച്ചു.

'മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16ന് അലിഗഢില്‍വെച്ച് റിങ്കുസിങിന്റെ പിതാവടക്കമുള്ളവരുമായി തങ്ങളുടെ കുടുംബം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുകുടുംബവും വിവാഹത്തിന് സമ്മതമറിയിച്ചു'  തുഫാനി സരോജ് പറഞ്ഞു.

മോതിര കൈമാറ്റ ചടങ്ങുകളോ വിവാഹത്തിന് മുമ്പുള്ള പരിപാടികളോ ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സുഹൃത്ത് വഴിയാണ് തന്റെ മകള്‍ റിങ്കു സിങുമായി പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇരുവരും പരിചയത്തിലാണ്. വിവാഹത്തിനായി വീട്ടുകാരുടെ സമ്മതം ആവശ്യമായിരുന്നു. ഇരു വീട്ടുകാരും ഇപ്പോള്‍ സമ്മതം അറിയിച്ചു'  തുഫാനി സരോജ് കൂട്ടിച്ചേര്‍ത്തു.

വിവാഹവും അതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കും തീയതി തീരുമാനിക്കുന്നത് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും. ലഖ്‌നൗവില്‍വെച്ചായിരിക്കും വിവാഹനിശ്ചയമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് റിങ്കു സിങ്. ട്വന്റി-20 പരമ്പരയ്ക്ക് ശേഷം ഐപിഎല്ലും വരാനുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിനെ ബാധിക്കാത്ത രീതിയിലായിരിക്കും വിവാഹചടങ്ങുകളെന്നും പ്രിയയുടെ പിതാവ് അറിയിച്ചു.

പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ എം.പിമാരില്‍ ഒരാളാണ്. 25-കാരിയായ പ്രിയ ജൗന്‍പൂരിലെ മച്ലിഷഹര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. സുപ്രീംകോടതി അഭിഭാഷക കൂടിയായിരുന്ന പ്രിയ സരോജ് 2022-ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പിതാവിനായി പ്രചാരണത്തിനിറങ്ങിയാണ് സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.
 

Content Highlights: India cricketer Rinku Singh to marry SP MP Priya Saroj, both families have agreed