പണ്ടേ ലോക്ഡൗണ്‍ ആയ ജീവിതമാണ് എന്റേത്. പോളിയോ ബാധിച്ചകാലുമായി ജീവിക്കാന്‍ പൊരുതുന്ന ശാരദ പറയുന്നു

രംഗം ഒന്ന്... അടച്ചിട്ട കടകള്ക്കുമുന്നിലെ വിജനമായ റോഡിലൂടെ ചക്രവണ്ടി ഉരുട്ടിവരുന്ന ശാരദ. നട്ടുച്ച വെയിലില്‍ വിയര്‍ത്തൊലിച്ച് നിരങ്ങിനീങ്ങുമ്പോള് കണ്ണുകള്‍ ചുറ്റും പരതി. വഴിയിലേക്കു ആരെങ്കിലുമൊക്കെ കടന്നുവന്നെങ്കില്‍... പക്ഷേ, ഒന്നുമുണ്ടായില്ല. ചക്രവണ്ടി നിരങ്ങിനീങ്ങി മറഞ്ഞു.
രംഗം രണ്ട്... ആ ചക്രവണ്ടിക്കുപിന്നാലെയുള്ള യാത്ര ചെന്നെത്തിയത് നഗരപ്രാന്തത്തിലെ ഒരു ഒറ്റമുറി വാടകവീട്ടിലാണ്. അവിടെ വൃക്കരോഗിയായ ഭര്‍ത്താവിനെയും രണ്ടു മക്കളെയും പരിചരിക്കാനുള്ള പെടാപ്പാടിലായിരുന്നു ശാരദ. പോളിയോ ബാധിച്ച് തളര്‍ന്നുപോയ രണ്ടു കാലുകളുമായി മുറിയിലൂടെ നിരങ്ങിനീങ്ങുമ്പോള് ശാരദ പറഞ്ഞതു ഇത്രമാത്രം... ''പണ്ടേ ലോക്ഡൗണ്‍ ആയ ജീവിതമാണ് എന്റേത്. കിലോമീറ്ററുകളോളം റോഡില്‍ നിരങ്ങിനീങ്ങി ടിക്കറ്റ് വിറ്റാണ് ഞാന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. ഇപ്പോ അതിനും സാധിക്കാതെയായി. മക്കള്‍ക്കു നേരത്തേ അങ്കണവാടിയില്‍നിന്ന് ഭക്ഷണം കിട്ടിയിരുന്നു. അതും മുടങ്ങി.'' സങ്കടത്താല്‍ വാക്കുകള്‍ മുറിഞ്ഞു.
സങ്കടത്തിന്റെ ഫ്രെയിമുകള്‍ മാത്രമേ ശാരദയുടെ ജീവിതത്തിലുള്ളൂ. ബി.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് പാസായ ശാരദയെന്ന ആന്ധ്രക്കാരി കേരളത്തിലേക്കുവന്നത് ജീവിക്കാന്‍ എന്തെങ്കിലും മാര്‍ഗം തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ്. മൂന്നര വയസ്സുകാരനായ ഇളയമകന് അഖിലിന് രക്തംകുറയുന്ന രോഗമാണെങ്കില്‍ ഭര്‍ത്താവ് വിജയ് കിഡ്നി ഓപ്പറേഷന് കഴിഞ്ഞിരിക്കുകയാണ്. ഇവരെ നോക്കാന്‍ ഒരു മാര്ഗവുമില്ലാതെയായപ്പോഴാണ് സ്വാധീനമില്ലാത്ത കാലുകളുമായി ശാരദ തെരുവിലേക്ക് നിരങ്ങിയിറങ്ങിയത്.
ജനിച്ചപ്പോള്‍തന്നെ മരിച്ചുപോകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അഖിലിനെ ചികിത്സിക്കാനാണ് മൂന്നു വര്‍ഷം മുമ്പ് ശാരദ കുടുംബവുമായി കേരളത്തിലെത്തിയത്. ഇവിടെ പല ജോലികള്‍ ചെയ്ത് ജീവിക്കുന്നതിനിടെ വിജയ് വൃക്കരോഗം ബാധിച്ച് കിടപ്പിലായി. വികലാംഗ പെന്‍ഷനായി ശാരദയ്ക്കു കിട്ടുന്ന 3000 രൂപകൊണ്ട് അഖിലിന് മരുന്നുവാങ്ങാന്‍ പോലും തികയാറില്ല. പഠിച്ചു നേടിയ ബിരുദത്തിന് തക്ക ജോലിതേടാന്‍ അംഗപരിമിതയായ ശാരദയ്ക്ക് കഴിഞ്ഞതുമില്ല.
ജില്ലാ കളക്ടര്‍ നല്കിയ മുച്ചക്ര വാഹനത്തില്‍ ലോട്ടറി ടിക്കറ്റു വിറ്റു ജീവിക്കുമ്പോഴും ശാരദ ഒരു ജോലി സ്വപ്നം കാണുന്നുണ്ടായിരുന്നു. ഏക ഉപജീവനമാര്‍ഗമായ ലോട്ടറിവില്‍പ്പനയും ലോക്ഡൗണില്‍ കുടുങ്ങിയതോടെയാണ് ശാരദ വലിയ ദുരിതക്കയത്തിലേക്കു വീണുപോയത്. ശാരദയ്ക്ക് ഇപ്പോള്‍ ഒരു പ്രാര്‍ഥനയേ ഉള്ളൂ, ''എന്റെ മോന് മരുന്നു വാങ്ങാനും മക്കള്‍ക്കു ഭക്ഷണം നല്കാനുമെങ്കിലും എനിക്ക് സാധിക്കണേ...'
Content Highlights: Covid-19 affected the life of lottery sellers
Content Highlights: