'വിശ്വസ്തതയ്ക്കുള്ള സമ്മാനം'; 5 വർഷം പൂർത്തിയാക്കിയവർക്ക് 1.5 കോടിയുടെ ഫ്‌ളാറ്റ് നൽകി കമ്പനി

പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നവർക്ക് അപാർട്‌മെന്റ് വാഗ്ദാനം ചെയ്ത് ചൈനീസ് ഓട്ടോ പാർട്‌സ് കമ്പനി. ഓട്ടോമോട്ടീവ് ഫാസ്റ്റനറുകൾ നിർമിക്കുന്ന ഷെയിയാങ് ഗുവാഷെങ് ഓട്ടോമൊബൈൽ കമ്പനിയാണ് തൊഴിലാളികൾക്ക് ആകർഷകമായ സമ്മാനം നൽകുന്നത്. ഇതിനായി ഓഫീസിന് അടുത്തുള്ള 18 റെസിഡെൻഷ്യൽ ഫ്‌ളാറ്റുകൾ കമ്പനി വാങ്ങുകയും ചെയ്തു.

ഏകദേശം 12.7 കോടി രൂപയാണ് ഇതിനായി കമ്പനി ഉടമ ചെലവഴിച്ചത്. രണ്ട് വർഷം മുമ്പ് വാങ്ങിയ ഈ ഫ്‌ളാറ്റുകൾക്ക് ഇപ്പോൾ വില കൂടിയിട്ടുണ്ടാകുമെന്നും കമ്പനി പറയുന്നു. ഓരോ ഫ്‌ളാറ്റിന്റേയും ഏകദേശ മൂല്യം 1.2 കോടി മുതൽ 1.5 കോടി വരെ വരും. ജീവനക്കാർ ദീർഘകാലം കമ്പനിയിൽ തുടരാൻ വേണ്ടിയാണ് ഇങ്ങനെയൊരു സമ്മാനം നൽകുന്നതെന്നും ഫ്‌ളാറ്റുകൾ ലഭിച്ചവർ അടുത്ത അഞ്ച് വർഷം കൂടി കമ്പനിയിൽ തുടരുമെന്ന രേഖയിൽ ഒപ്പുവെയ്ക്കണമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

ഇവിടെ നിലവിൽ ഏകദേശം 450 ജീവനക്കാരുണ്ട്. ഈ വർഷം ഇതിനോടകം അഞ്ച് വർഷം പൂർത്തിയാക്കിയ അഞ്ച് പേർക്ക് ഫ്‌ളാറ്റുകൾ കൈമാറി. ഇതിൽ രണ്ട് പേർ ജൂനിയർ റോളിൽനിന്ന് മാനേജ്‌മെന്റ് സ്ഥാനങ്ങളിലേക്ക് ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ അപാർട്‌മെന്റുകളും കമ്പനി കെട്ടിടത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

Content Highlights: company offers 1.5 crore flats to employees after 5 years of service