അടിയന്തരാവസ്ഥ കവർന്നത് വിദ്യാഭ്യാസം; ഓർമ്മകളിൽ സുകുമാരനും നാരായണനും

ചിറ്റൂർ: അടിയന്തരാവസ്ഥയെക്കുറിച്ച് ഓർക്കുമ്പോൾ, സമരത്തിനിറങ്ങിയതിന് വിദ്യാഭ്യാസം വിലയായി നൽകേണ്ടിവന്നല്ലോ എന്ന വേദനയാണ് വിളയോടി സ്വദേശികളായ കെ. സുകുമാരനും എ. നാരായണനും.
വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്, 1975 ജൂലായിൽ ചിറ്റൂർ അണിക്കോട് മുക്കിൽനിന്ന് ചിറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിനെത്തുടർന്ന് ഇരുവരും അറസ്റ്റിലായത്. വിളയോടിയിൽനിന്ന് സമരത്തിൽ പങ്കെടുത്ത ഒൻപതുപേരിൽ വിദ്യാർഥികൾ ഇവർ മാത്രമായിരുന്നു. പിറ്റേദിവസം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 36 ദിവസം ജില്ലാ ജയിലിലടച്ചു. പ്രായപൂർത്തിയാവാത്തതിനാൽ പിന്നീട് വിട്ടയച്ചു.
സ്കൂളിൽ തിരിച്ചെത്തിയപ്പോൾ ഇനി പ്രവേശിപ്പിക്കാനാവില്ലെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. ‘സമരത്തിന് ഒരുമാസംമുൻപ് 1,500 മീറ്റർ ഓട്ടമത്സരത്തിൽ ചിറ്റൂർ താലൂക്കിൽ ഒന്നാംസ്ഥാനം കിട്ടിയതാണ്. ഇനി സ്കൂളിലേക്ക് വരേണ്ടെന്ന് പറഞ്ഞപ്പോൾ എന്റെ കായികസ്വപ്നംകൂടിയാണ് പൊലിഞ്ഞത്’-നാരായണൻ ഓർക്കുന്നു.
പുഴുവരിച്ച ചോറും നിരാഹാരവും
ജയിലിൽക്കിടന്ന 36 ദിവസവും പ്രയാസമേറിയതായിരുന്നു. അറസ്റ്റുചെയ്യപ്പെട്ട ചിറ്റൂർ താലൂക്കിലെ 36 പേരും ഒരേ സെല്ലിൽ. പുഴു നിറഞ്ഞ ഭക്ഷണമാണ് തന്നത്. പ്രതിഷേധിച്ച് ഒരുദിവസം നിരാഹാരമിരുന്നപ്പോഴാണ് ഭക്ഷണം മാറ്റിത്തന്നതെന്ന് സുകുമാരൻ പറയുന്നു. ജയിൽമോചിതരായശേഷം കൃഷിപ്പണിയും കൂലിപ്പണിയും ചെയ്താണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു ഇവർ.
‘പെട്ടെന്ന് പഠിത്തം നിന്നപ്പോൾ വീട്ടുകാർ ആദ്യം കുറ്റപ്പെടുത്തി. പിന്നെ സ്വന്തംകാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ അത് കുറഞ്ഞു’. ഇപ്പോൾ രണ്ടുപേർക്കും 70 വയസ്സായി. വിവാഹം കഴിഞ്ഞപ്പോഴും ജയിലിൽക്കിടന്ന കാര്യം ആദ്യം ഭാര്യമാരോട് പറഞ്ഞില്ല. വർഷങ്ങൾക്കുശേഷമാണ് വിവരങ്ങൾ പങ്കുവെച്ചത്.
വിളയോടിയിൽനിന്ന് അന്ന് സമരത്തിൽ പങ്കെടുത്ത ഒൻപതുപേരിൽ വേണുഗോപാലും സുകുമാരനും നാരായണനും മാത്രമാണ് ഇപ്പോഴുള്ളത്. ‘അടിയന്തരാവസ്ഥ ഞങ്ങളുടെ പഠനം മാത്രമല്ല, സ്വപ്നങ്ങളും തട്ടിത്തെറിപ്പിച്ചു. എങ്കിലും തെറ്റിനെതിരേ നിന്നതിൽ കുറ്റബോധമില്ല’-ഇരുവരും ഒരേസ്വരത്തിൽ പറയുന്നു.
Content Highlights: Two 70-year-old RSS activists from Chittur, K. Sukumaran and A. Narayanan, recall losing their formal education and sports dreams after being jailed for 36 days as minor students during the 1975 Emergency.