കോടികള്‍ കൊടുത്താല്‍ കിട്ടുമോ ഈസന്തോഷം;അമ്മയോട് പിണങ്ങിയ അനിയത്തിക്ക് ഭക്ഷണം വാരിക്കൊടുത്ത് ചേട്ടന്‍

വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: instagram/ sneha. vishnu
വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: instagram/ sneha. vishnu

കുട്ടിക്കാലം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ആ കാലത്തേക്ക്‌ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാകും മിക്കവരും. മഴ നനഞ്ഞ് സ്‌കൂളിലേക്ക് ഓടാനും വഴിയിലെ മാവില്‍ കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്താനുമെല്ലാം ഒരിക്കല്‍ കൂടി കഴിഞ്ഞിരുന്നെങ്കിലെന്ന് നമ്മള്‍ ആശിച്ചുപോകും. പരസ്പരം സ്‌നേഹിച്ചും കളിച്ചും പിണങ്ങിയുമെല്ലാം കഴിഞ്ഞിരുന്ന ആ കാലത്ത് നമ്മള്‍ നിഷ്‌കളങ്കരായ കുട്ടികളായിരുന്നു.

അത്തരത്തില്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞുനില്‍ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നത്. ഒരു ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴമാണ് ആ വീഡിയോയില്‍ കാണുന്നത്. 

കുസൃതി കാണിച്ച് അമ്മയോട് പിണങ്ങിയ അനിയത്തി കുട്ടിക്ക് ചേട്ടന്‍ ഭക്ഷണം വാരികൊടുക്കുന്നതാണ് വീഡിയോ. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതു പോലെത്തന്നെയാണ് ചേട്ടന്‍ അനിയത്തിക്ക് വാരിക്കൊടുക്കുന്നത്. അമ്മ വീഡിയോ എടുക്കുന്നത് കണ്ട് അവന്‍ നിഷ്‌കളങ്കമായി ചിരിക്കുന്നതും കുഞ്ഞിപ്പെണ്ണിന്റെ കള്ളക്കരച്ചിലുമെല്ലാം വീഡിയോയില്‍ കാണാം.

സ്‌നേഹ വിഷ്ണു എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഏഴു ലക്ഷം പേര്‍ കണ്ടു. ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ലൈക്കും ചെയ്തു. ഏട്ടനും അനിയത്തിയും തമ്മിലുള്ള സ്‌നേഹം വിവരിക്കാന്‍ വാക്കുകളില്ലെന്നും കോടികള്‍ കൊടുത്താല്‍ കിട്ടുമോ ഈ സന്തോഷമെന്നും ആളുകള്‍ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
 

Content Highlights: brother feeding his sister viral video