നടുറോഡില്‍ കാറിന് മുകളില്‍ നവദമ്പതിമാരുടെ അപകടകരമായ നൃത്തം, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ | വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടാനും വൈറലാകാനും എന്തും ചെയ്യുന്നവര്‍ നമുക്കുചുറ്റും ഒരുപാടുണ്ട്. അതില്‍ പലതും കൈവിട്ട കളികളായതിന്റെ വാര്‍ത്തകളും ദിവസേനെയെന്നോണം നമ്മള്‍ കാണാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത വരുന്നത് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നാണ്. നവദമ്പതിമാരാണ് വൈറലാകാന്‍ നോക്കി പണി വാങ്ങിയിരിക്കുന്നത്.
നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് അപകടകരമായി നൃത്തം ചെയ്താണ് ദമ്പതിമാര്‍ വൈറലാകാന്‍ നോക്കിയത്. വിവാഹവേഷത്തില്‍ തന്നെയായിരുന്നു ഇരുവരുടേയും നൃത്തം. തിരക്കേറിയ റോഡില്‍ രാത്രിയായിരുന്നു ഇവരുടെ അഭ്യാസം.
നവദമ്പതിമാര്‍ ആഗ്രഹിച്ചതുപോലെ വീഡിയോ കുറഞ്ഞസമയം കൊണ്ടുതന്നെ വൈറലായി. എന്നാല്‍ വീഡിയോ വൈറലായതോടെ ഗ്വാളിയോര്‍ ട്രാഫിക് പോലീസ് ദ്രുതഗതിയില്‍ നടപടിയുമായി രംഗത്തെത്തി. ഉടന്‍ തന്നെ ദമ്പതിമാര്‍ സഞ്ചരിച്ച കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. ഗ്വാളിയോറില്‍ തന്നെയുള്ള ഒരാളുടെ പേരിലായിരുന്നു വാഹനം.
ഗതാഗതനിയമലംഘനത്തിന് കാറുടമയ്ക്ക് പോലീസ് ചലാന്‍ അയച്ചു. സ്വന്തം ജീവനും റോഡിലെ മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുന്ന തരത്തില്‍ കാറിനുമുകളില്‍ നൃത്തം ചെയ്തതിന് കൂടുതല്‍ നടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു.