7 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മദ്യപിച്ചു തുടങ്ങി; വെളിപ്പെടുത്തലുമായി ബ്രാഡ് പിറ്റ്

#ലൈഫ്സ്റ്റൈല് ഡെസ്ക്
ബ്രാഡ് പിറ്റ് | Photo: Reuters
ബ്രാഡ് പിറ്റ് | Photo: Reuters

ഏഴു വർഷം പൂർണമായും മദ്യം ഉപേക്ഷിച്ചെങ്കിലും താൻ വീണ്ടും മദ്യപിച്ചുതുടങ്ങിയെന്ന് ഹോളിവുഡ് താരം ബ്രാഡ് പിറ്റ്. എന്നാൽ, പരിമിതമായ അളവിൽ മാത്രമാണ് മദ്യം ഉപയോഗിക്കുന്നതെന്നും 62-കാരനായ താരം പറഞ്ഞു. 'എസ്‌ക്വയർ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രാഡ് പിറ്റ് മനസ്സ് തുറന്നത്.

'ഏഴു വർഷം ഞാൻ പൂർണ്ണമായും മദ്യത്തിൽ നിന്ന് അകന്നുനിന്നു. എന്നാൽ പിന്നീട് ആ നിയന്ത്രണം കൈവിട്ടുപോയി,' അഭിമുഖത്തിനിടയിൽ മാധ്യമപ്രവർത്തകന് വൈൻ വാഗ്ദാനം ചെയ്തുകൊണ്ട് പിറ്റ് പറഞ്ഞു. മദ്യപാനം വീണ്ടും തുടങ്ങിയെങ്കിലും പഴയതുപോലെ വലിയ അളവിൽ ഉപയോഗിക്കാറില്ലെന്ന് താരം വ്യക്തമാക്കി. 'ഏതാനും തവണ അമിത ആത്മവിശ്വാസം കാരണം വീണ്ടും അതിരുകടക്കാൻ ശ്രമിച്ചെങ്കിലും മദ്യം ശരീരത്തിന് നല്ലതല്ലെന്ന് വേഗത്തിൽ തിരിച്ചറിഞ്ഞു. ഇപ്പോൾ ചെറിയ അളവിൽ, ഒന്നോ രണ്ടോ ഗ്ലാസ് വൈൻ മാത്രമാണ് കഴിക്കുന്നത്. അതിൽ കൃത്യമായ അച്ചടക്കവും പ്രൊഫഷണലിസവും പാലിക്കാൻ ശ്രമിക്കുന്നുണ്ട്,' പിറ്റ് കൂട്ടിച്ചേർത്തു.

2016-ൽ നടി ആഞ്ജലീന ജോളിയുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന് പിന്നാലെയാണ് ബ്രാഡ് പിറ്റ് മദ്യപാനം പൂർണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. വിമാന യാത്രയ്ക്കിടെ മദ്യപിച്ച് കുടുബാംഗങ്ങളോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. തുടർന്ന് ഒന്നര വർഷത്തോളം അദ്ദേഹം ചികിത്സ തേടുകയായിരുന്നു.

കുടുംബപ്രശ്‌നങ്ങളും വിവാഹമോചന കേസും ജീവിതത്തെ അതിരൂക്ഷമായി ബാധിച്ച കറുത്ത ദിനങ്ങളെക്കുറിച്ചും താരം അഭിമുഖത്തിൽ തുറന്നുസംസാരിക്കുന്നുണ്ട്്. 'ആ സമയത്ത് അനുഭവിച്ച മാനസിക വേദന അതികഠിനമായിരുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുപോയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. അത്രത്തോളം വലിയ മാനസികസമ്മർദ്ദത്തിലൂടെയാണ് ഞാൻ കടന്നുപോയത്.'

2014-ൽ വിവാഹിതരായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2016-ലാണ് വേർപിരിഞ്ഞത്. ദീർഘകാലം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇവരുടെ വിവാഹമോചന നടപടികൾ പൂർത്തിയായത്.

Content Highlights: Brad Pitt started drinking again after 7 years of complete sobriety., The 62-year-old actor now limits his alcohol intake to a glass or two of wine., He opened up about past mental health struggles and suicidal thoughts during his divorce from Angelina Jolie.