സ്ത്രീ ഒരിക്കലും പുരുഷന് തുല്യയല്ല, അങ്ങനെ കരുതുന്നവര്‍ മണ്ടന്മാരാണ് -കങ്കണ റണൗട്ട്

കങ്കണ റണൗട്ട് | Photos: facebook.com/KanganaRanaut
കങ്കണ റണൗട്ട് | Photos: facebook.com/KanganaRanaut

വിവാദ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബോളിവുഡ് താരവും ബിജെപി നേതാവുമാണ് കങ്കണ റണൗട്ട്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ കങ്കണ താന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ആസ്വദിക്കുന്നില്ലെന്ന് അടുത്തിടെ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദ പ്രസ്താവനയുമായി കങ്കണ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീ-പുരുഷ-ട്രാന്‍സ്‌ജെന്‍ഡര്‍ വ്യത്യാസമില്ലാതെ എല്ലാവരും തുല്യരാണെന്ന കാഴ്ചപ്പാടിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കവെയാണ് ലിംഗസമത്വത്തിനെതിരെ കങ്കണ തുറന്നടിച്ചിരിക്കുന്നത്. 

സ്ത്രീ ഒരിക്കലും പുരുഷന് തുല്യയല്ലെന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്. ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ റണൗട്ട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലോകം ലിംഗസമത്വത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെ നമ്മള്‍ മണ്ടന്മാരായ ഒരു തലമുറയെയാണ് ഉണ്ടാക്കിയെന്നും കങ്കണ പറഞ്ഞു. സമത്വത്തെ കുറിച്ചുള്ള ആധുനിക സങ്കല്‍പ്പത്തെ കുറിച്ച് എന്താണ് കരുതുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് താരം പറഞ്ഞത്. 

Also Read: 'മാതാപിതാക്കളോട് 'നോ' പറയാൻ പറ്റില്ല,പക്ഷേ കൊലപാതകം ആസൂത്രണം ചെയ്യാം'; 'ഹണിമൂൺ കൊലയിൽ' കങ്കണ റണൗട്ട്

'നിങ്ങള്‍ എന്നെക്കൊണ്ട് വിവാദപരമായ കാര്യങ്ങളെ കുറിച്ച് സംസാരിപ്പിക്കുകയാണ്. എല്ലാവരും ഒന്നാണ് എന്ന് ലോകം വിശ്വസിക്കാന്‍ തുടങ്ങിയതോടെ നമ്മള്‍ മണ്ടന്മാരായ ഒരു തലമുറയെയാണ് നമ്മള്‍ ഉണ്ടാക്കിയത്. ഈ മേഖലയില്‍ താങ്കള്‍ക്ക് എന്നേക്കാള്‍ അനുഭവസമ്പത്തുണ്ട്. കലയുടെ കാര്യത്തില്‍ താങ്കള്‍ എനിക്ക് തുല്യനല്ല. ഞാന്‍ എന്റെ അമ്മയ്ക്ക് തുല്യയല്ല. ഞാന്‍ അംബാനിക്ക് തുല്യയല്ല. അദ്ദേഹം നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എനിക്ക് തുല്യനല്ല. എല്ലാവരും വ്യത്യസ്തരാണ്. നമുക്ക് എല്ലാവരില്‍ നിന്നും പഠിക്കാനുണ്ട്.' -കങ്കണ പറഞ്ഞു. 

'ഞാന്‍ ഒരു തൊഴിലാളിയുടെ അടുത്തിരിക്കുമ്പോള്‍ ഞാന്‍ കരുതും അദ്ദേഹത്തിന് എന്നേക്കാള്‍ ഒരുപാട് അധികം സഹിഷ്ണുതയുണ്ടെന്ന്. ഞാന്‍ ഒരിക്കലും ആ മനുഷ്യന് തുല്യയല്ല. ഒരു കുട്ടിയും സ്ത്രീയും ഒരിക്കലും തുല്യരല്ല. ഒരു സ്ത്രീ ഒരിക്കലും പുരുഷന് തുല്യയല്ല. പുരുഷന്‍ കുടുംബത്തിലെ തലമുതിര്‍ന്ന ഒരാള്‍ക്ക് തുല്യനല്ല. നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത ചുമതലകളാണ്. നമ്മള്‍ എല്ലാവരും വ്യത്യസ്തരാണ്.' -കങ്കണ റണൗട്ട് തുടര്‍ന്നു.

Related Story: 'രാഷ്ട്രീയജീവിതം ഞാൻ ആസ്വദിക്കുന്നില്ല, നാട്ടുകാർ ഓരോ പ്രശ്‌നങ്ങളുമായി വരും, പ്രധാനമന്ത്രിയാകാനില്ല' -കങ്കണ

'തുല്യത എന്ന സങ്കല്‍പ്പം നമുക്ക് മണ്ടന്മാരുടെ തലമുറയെ മാത്രമേ നല്‍കുന്നുള്ളൂ. അവര്‍ കരുതുന്നത് തങ്ങള്‍ ഏറ്റവും മികച്ചവരാണെന്നും തങ്ങള്‍ക്ക് എല്ലാമറിയാമെന്നുമാണ്. ഒരേ മേഖലയില്‍ 25 വര്‍ഷം അനുഭവസമ്പത്തുള്ള മേലധികാരികളോട് അവര്‍ക്ക് ബഹുമാനമില്ല. കൂടുതല്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ സ്ഥാനക്കയറ്റം വേണമെന്ന് പോലും ആഗ്രഹിക്കാത്ത വിഡ്ഢികളുടെ തലമുറയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്.' -കങ്കണ പറഞ്ഞു. 

Content Highlights: Kangana Ranaut woman is not equal to man, concept of equality has given a generation of morons