ഒരു ഇന്ത്യ- പാക് 'ഓൺലൈൻ' നിക്കാഹ്; ബിജെപി നേതാവിന്റെ മകന് വധുവായി ലാഹോർ സ്വദേശിനി

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

രാജ്യം, ഭാഷ, സംസ്ക്കാരം, മതം എന്നീ അതിർവരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് പ്രണയവും വിവാഹവും യാഥാർഥ്യമാകുന്ന കാലമാണിത്. ഇത്തരത്തിൽ ഒന്നായവരുടെ കഥകൾ പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യ-പാക് ഓൺലൈൻ വിവാഹമാണ് വാർത്തകളിൽ നിറയുന്നത്.   

ഉത്തർപ്രദേശിലെ ബി.ജെ.പി. നേതാവിന്റെ മകൻ പാക് യുവതിയെ ഓൺലൈൻ വഴിയാണ് നിക്കാഹ് ചെയ്തത്. ബി.ജെ.പി പ്രാദേശിക നേതാവായ സഹ്സീൻ ഷാഹിദിന്റെ മൂത്തമകനായ മുഹമ്മദ് അബ്ബാസ് ഹൈദറും ലാഹോർ സ്വദേശിനിയായ അൻദ്ലീപ് സഹ്റയുമാണ് പ്രതികൂല ഘടകങ്ങൾ മറികടന്ന് ഒന്നായത്. 

ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങൾ കാരണം വരന് പാകിസ്താനിലേക്ക് വിസ ലഭിക്കാഞ്ഞതാണ് വിവാഹ ചടങ്ങുകൾക്ക് തിരിച്ചടിയായത്. വധുവിന്റെ മാതാവ് റാണ യാസ്മിൻ സെയ്ദി  അസുഖം ബാധിച്ച് പാകിസ്താനിൽ ആശുപത്രിയിയിൽ ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടതും പ്രതിസന്ധിയായി.

ഇതോടെയാണ് നിക്കാഹ് ഓൺലൈനായി നടത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി നടന്ന നിക്കാഹിൽ ഇരുകുടുംബങ്ങളും ഓൺലൈനായി പങ്കെടുത്തു. തന്റെ വധുവിന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തിൽ ലഭിക്കുമെന്ന് വരൻ പിന്നീട് പ്രത്യാശ പ്രകടിപ്പിച്ചു. ബി.ജെ.പി. എംഎൽഎ ബ്രിജേഷ് സിങ് പിഷു ഉൾപ്പടെ നിരവധിപേർ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.  

Content Highlights: BJP leaders Son Marries Pakistan Woman In Online Nikah Ceremony