'ഡോക്ടറാകാൻ ഞാൻ നടത്തിയ പോരാട്ടം ആർക്കുമറിയില്ല,എന്നിട്ടും അഭിനയം തിരഞ്ഞെടുത്തതിന് കാരണമുണ്ട്'

ബിന്നി സെബാസ്റ്റ്യന്‍ | Photo: instagram/binny sebastian
ബിന്നി സെബാസ്റ്റ്യന്‍ | Photo: instagram/binny sebastian

മിനി സ്‌ക്രീനിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബിന്നി സെബാസ്റ്റ്യൻ. അഭിനയമേഖലയിത്തുന്നതിന് മുമ്പ് തന്നെ ബിന്നി എംബിബിഎസ് പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അവർ. ആതുരരംഗത്ത് നിന്ന് അഭിനയത്തിലേക്ക് മാറാനുണ്ടായ സാഹചര്യത്തെ കുറിച്ചും പഠനസമയത്ത് താൻ നേരിട്ട പ്രതിസന്ധികളേയും കുറിച്ചാണ് അവർ കുറിപ്പിൽ പറയുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് ഡോക്ടറുടെ വെള്ളക്കുപ്പായം അണിയാത്തതെന്നും അവർ വിശദീകരിക്കുന്നുണ്ട്.

രോഗികളുടെ വിശ്വാസവും അവരെ സേവിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമെന്നും താൻ ഒരിക്കലും ഡോക്ടർ ബിരുദം സ്വന്തം താത്പര്യങ്ങൾക്കോ അംഗീകാരങ്ങൾക്കോ ഉപയോഗിച്ചിട്ടില്ലെന്നും ബിന്നി പറയുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെ കുറിച്ച് പറയുന്ന കാര്യങ്ങൾ കണ്ട് വിലയിരുത്തരുതെന്നും എല്ലാ പോരാട്ടങ്ങളും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാനുള്ളതല്ലെന്നും അവർ കുറിച്ചു.

'ഉറക്കമില്ലാത്ത രാത്രികളും അവസാനിക്കാത്ത ഡ്യൂട്ടികളും ത്യാഗങ്ങളും പരാജയങ്ങളും ഒപ്പം രോഗികളെ പരിചരിക്കാൻ എനിക്ക് ലഭിച്ച ഭാഗ്യവുമൊക്കെയാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. ഞാൻ ഒരു ഡോക്ടറായി മാറാൻ എത്രത്തോളം പ്രയത്‌നിച്ചിട്ടുണ്ടെന്ന് വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ. വിദേശത്ത് മെഡിസിൻ പഠിച്ച വിദ്യാർഥി എന്ന നിലയിലുള്ള എന്റെ പോരാട്ടങ്ങൾ, എംബിബിഎസ് നേടിയെടുക്കാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ, എഫ്എംജിഇ പരീക്ഷ പാസായത്, സർക്കാർ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർ എന്ന നിലയിലുള്ള ജീവിതം ഇതിനെ കുറിച്ചൊന്നും ഞാൻ ഇതുവരെ എവിടേയും പറഞ്ഞിട്ടില്ല.

ഞാൻ എന്തുകൊണ്ടാണ് മെഡിക്കൽ രംഗത്തുനിന്ന് അഭിനയത്തിലേക്ക് മാറിയതെന്ന് നിങ്ങളിൽ പലർക്കും സംശയങ്ങളുണ്ടെന്ന് എനിക്കറിയാം. അതിന്റെ കാരണം ഞാൻ ഒരു ദിവസം നിങ്ങളോട് പങ്കുവെയ്ക്കും. അത് പെട്ടെന്നെടുത്ത തീരുമാനമല്ല. വളരേയധികം ചിന്തിച്ച് വ്യക്തിപരമായ കാരണങ്ങൾകൊണ്ട് എടുത്ത തീരുമാനമാണ്. ചിലപ്പോഴൊക്കെ പദവികളേക്കാൾ പ്രധാനം മനസിന്റെ സമാധാനവും ആത്മസംതൃപ്തിയുമാണ്. സ്വന്തം സന്തോഷത്തിനായി ഒരു തീരുമാനമെടുക്കുക എന്നാൽ എന്താണെന്ന് നിങ്ങളിൽ ചിലരെങ്കിലും മനസിലാക്കുമെന്ന് ഞാൻ കരുതുന്നു. ഓരോ ദിവസവും രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്ത എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും ഡോക്ടേഴ്‌സ് ഡേ ആശംസിക്കുന്നു.'-ബിന്നി കുറിച്ചു.

Content Highlights: Binny Sebastian holds an MBBS degree and worked as a resident doctor., She shares personal struggles of studying medicine abroad and passing FMGE., The decision to move from medicine to acting was personal and well-thought-out., She emphasizes mental peace and satisfaction over professional titles., Refutes social media judgments regarding her career transition.