'ഒരു ലിറ്റർ പാലിന് 450 രൂപ'- ബിഹാറിൽ നിന്നുള്ള പാൽക്കാരനെ ഞെട്ടിച്ച് യുഎസ് ചായ്‌വാല

ഇൻസ്റ്റഗ്രാമിൽ ഏറെ ഫോളോവേഴ്‌സുള്ള സംരഭകനാണ് പ്രഭാകർ പ്രസാദ്. 'ചായ്‌ഗൈ' എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം ലോസ് ആഞ്ചലീസിൽ ചായ കച്ചവടം നടത്തുകയാണ്. തന്റെ കടയിൽ ചായ കുടിക്കാനെത്തുന്നവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ അദ്ദേഹം നിരന്തരം പങ്കുവെയ്ക്കാറുമുണ്ട്. ചായയുടെ രുചിയെ കുറിച്ച് അവർ പറയുന്നതും വീഡിയോയിൽ കാണാം.
ഇപ്പോഴിതാ ബിഹാറിൽ നിന്നുള്ള പാൽക്കാരനുമായി പ്രഭാകർ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അമേരിക്കയിൽ ഒരു ലിറ്റർ പാലിന് ഏകദേശം 450 രൂപയാകുമെന്ന് പ്രഭാകർ പറയുമ്പോൾ പാൽക്കാരൻ അമ്പരയ്ക്കുന്നത് വീഡിയോയിൽ കാണാം. ആ പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ചായ ഒരു കപ്പിന് 10 ഡോളറാ (ഏകദേശം 900 ഇന്ത്യൻ രൂപ) ണെന്നും പ്രഭാകർ പറയുന്നു.
ഇതോടെ പാൽക്കാരൻ ഒരു ബിസിനസ് ഐഡിയയും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇന്ത്യയിലെ പാൽ കേടുകൂടാതെ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാൻ വല്ല വഴിയുമുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്നാൽ അത് അമേരിക്കയിലെത്തുമ്പോഴേക്കും നാശമാകുമെന്ന് പ്രഭാകർ പറയുന്നു. അമേരിക്കയിലെ ജീവിതത്തെ കുറിച്ചും പ്രഭാകർ സംസാരിക്കുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾക്കൊപ്പം അതിന്റേതായ ബുദ്ധിമുട്ടുകളും അമേരിക്കയിലുണ്ടെന്നും ജീവിതം വളരെ വേഗത്തിലാണ് ഓടുന്നതെന്നും പ്രഭാകർ പറയുന്നു.
ആരാണ് ചായ്‌ഗൈ
ബിഹാറുകാരനായ പ്രഭാകർ വളരെ കഷ്ടപ്പാട് നിറഞ്ഞ കുട്ടിക്കാലത്തിലൂടെയാണ് കടന്നുപോയത്. ഐഐടി സ്‌ക്രീനിങ് പരീക്ഷ പാസായ ശേഷം അദ്ദേഹം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. അവിടെ കോർപറേറ്റ് മേഖലയിൽ ജോലി ലഭിച്ചെങ്കിലും പിരിച്ചുവിടൽ നേരിടേണ്ടി വന്നു. പിന്നീടാണ് സുഹൃത്തിന്റെ നിർദേശപ്രകാരം ലോസ് ആഞ്ചലീസിലെ തെരുവിൽ ചായക്കച്ചവടം തുടങ്ങിയത്. ഇന്ന് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ വീഡിയോ കാണുന്നുണ്ട്.
കുട്ടിക്കാലത്ത് പുതപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ ചാക്കുകൾ പുതച്ച് ഉറങ്ങേണ്ടിവന്നിട്ടുണ്ടെന്ന് പ്രഭാകർ നേരത്തെ പറഞ്ഞിരുന്നു. ചായക്കച്ചവടത്തിലൂടെ കോർപറേറ്റ് ജോലിയിലെ ശമ്പളം കിട്ടുന്നില്ലെങ്കിലും സന്തോഷവും സമാധാനവുമുണ്ടെന്ന് പ്രഭാകർ പറയുന്നു.
Content Highlights: Viral interaction between a Bihar milk vendor and LA entrepreneur Prabhakar Prasad., Cultural shock over US milk prices ($5/liter) and $10 tea cups., The entrepreneur's journey from Bihar to building a successful tea brand in Los Angeles., Entrepreneurial curiosity from local vendors regarding US exports., Insights into the fast-paced life and challenges of living in America.