കുടുംബസ്വത്ത് 20,000 കോടി ഡോളര്‍; കൈകാര്യംചെയ്യാന്‍ CEOയെ നിയോഗിക്കാന്‍ ജെഫ് ബെസോസിന്റെ പിതാവ്

മെക്ക് ബെസോസും ജെഫ് ബെസോസും | Photo - AFP
മെക്ക് ബെസോസും ജെഫ് ബെസോസും | Photo - AFP

കുടുംബസ്വത്തുക്കള്‍ ശതകോടികളായി വളര്‍ന്നതോടെ അവ കൈകാര്യംചെയ്യാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയോഗിക്കാനൊരുങ്ങി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വളര്‍ത്തച്ഛന്‍ മൈക്ക് ബെസോസ്. ഫാമിലി ഓഫീസായ 'അറോറ ബോറിയാലിസി'ല്‍ സിഇഒയെ നിയമിക്കുന്നതിലൂടെ കുടുംബസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേതിന് സമാനമായ രീതിയിലേക്ക് മാറ്റാനാണ് അദ്ദേഹം ഒരുങ്ങുന്നതെന്ന് 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും ജീവനക്കാരുള്ള ഒരു സാധാരണ ഫാമിലി ഓഫീസ് പോലെയാണ് ഇതുവരെ അത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ബെസോസ് കുടുംബത്തിന്റെ സമ്പത്ത് 200 ബില്യണ്‍ (20,000 കോടി) ഡോളറിലധികമായി വര്‍ധിച്ചതോടെ അത് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പ്രൊഫഷണലായ ഒരു സംവിധാനമാണ് മൈക്ക് ബെസോസ് ലക്ഷ്യമിടുന്നത്.

79-ാം വയസില്‍ കുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കടക്കം നേതൃത്വം നല്‍കിയാണ് മൈക്ക് ബെസോസ് മുന്നോട്ടുപോകുന്നത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ദത്തെടുത്തതാണ് അദ്ദേഹം. ഭാര്യ ജാക്ക്‌ലിന്‍ ബെസോസിനൊപ്പം വിദ്യാഭ്യാസം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബെസോസ് ഫാമിലി ഫൗണ്ടേഷനിലും സജീവമായി ഇടപെടുന്നുണ്ട്.

മൈക്കും ജാക്ക്‌ലിന്‍ ബെസോസും ആമസോണില്‍ ലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുകയും ജെഫ് ബെസോസിന് പ്രാരംഭ മൂലധനം നല്‍കുകയും ചെയ്തിരുന്നു. അവരുടെ മക്കളായ ക്രിസ്റ്റീനയും മാര്‍ക്കും തുടക്കത്തില്‍ തന്നെ നിക്ഷേപം നടത്തിയിരുന്നു.

എന്താണ് ഫാമിലി ഓഫീസുകള്‍

സമ്പന്ന കുടുംബങ്ങള്‍ അവരുടെ പണം കൈകാര്യം ചെയ്യാന്‍ വേണ്ടി രൂപീകരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് ഫാമിലി ഓഫീസുകള്‍. അവര്‍ പലപ്പോഴും നികുതി, നിയമം, മറ്റ് വ്യക്തിഗത സേവനങ്ങള്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന് വീടുകള്‍, സ്വകാര്യ ജെറ്റുകള്‍, മറ്റ് ആസ്തികള്‍ എന്നിവയുടെ പരിപാലനം എന്നിവ. സമീപ വര്‍ഷങ്ങളില്‍ ഫാമിലി ഓഫീസുകളുടെ എണ്ണം അതിവേഗം വളര്‍ന്നിട്ടുണ്ട്.

ഡെലോയിറ്റിന്റെ കണക്കനുസരിച്ച് 2024-ല്‍ ലോകമെമ്പാടും 8,030 സിംഗിള്‍-ഫാമിലി ഓഫീസുകള്‍ ഉണ്ടായിരുന്നു. ഇത് 2019-നെ അപേക്ഷിച്ച് 31 ശതമാനം കൂടുതലാണ്. 2030-ഓടെ ഇവയുടെ എണ്ണം 10,720 ആകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Content Highlights: The Bezos family office, Aurora Borealis, is hiring a CEO to manage its growing $200B fortune