രണ്ട് മുറികളുള്ള ഫ്‌ളാറ്റിന് മാസവാടക 70,000 രൂപ; കുറച്ചെങ്കിലും നാണം വേണമെന്ന് യുവതി, പോസ്റ്റ് വൈറൽ

രണ്ട് കിടപ്പുമുറികളുള്ള ഫ്‌ളാറ്റിന് (2ബിഎച്ച്‌കെ) കഴുത്തറുക്കുന്ന വാടക ഈടാക്കുന്നതിനെതിരെയുള്ള യുവതിയുടെ പോസ്റ്റ് വൈറലായി. കശ്മീരിൽ നിന്നുള്ള ലുബ്‌ന മൽഹോത്ര എന്ന യുവതിയാണ് എക്‌സിൽ ഇത് സംബന്ധിച്ച പോസ്റ്റ് ഇട്ടത്. ബെംഗളൂരുവിലെ കോറമംഗലയിൽ രണ്ട് മുറികളും ഹാളും അടുക്കളയുമുള്ള അപ്പാർട്ട്‌മെന്റിന് 70,000 രൂപയാണ് വാടകയെന്നാണ് ലുബ്‌ന പറയുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അമിത വാടകയ്‌ക്കെതിരെ കമന്റുകളുമായി രംഗത്തുവന്നത്.
'2ബിഎച്ച്‌കെയ്ക്ക് വാടക 70,000 രൂപയോ? കോറമംഗലയിലുള്ളവർക്ക് കുറച്ചെങ്കിലും നാണം വേണം. ഗതാഗതക്കുരുക്ക്, മലിനജലം, തകർന്ന റോഡ്. എന്തിനാണ് ഞങ്ങൾ ഈ പ്രീമിയം നിരക്ക് കൊടുക്കേണ്ടത്?' -ഇതാണ് ലുബ്‌ന എക്‌സിൽ കുറിച്ചത്. ഒരുലക്ഷത്തിലേറെ പേരാണ് ഇതിനകം പോസ്റ്റ് കണ്ടത്. പോസ്റ്റിന് താഴെ വലിയ ചർച്ചകളാണ് നടക്കുന്നത്. ഉയർന്ന വാടകയെ വിമർശിച്ച് ഒരുവിഭാഗം സംസാരിക്കുമ്പോൾ വീട്ടുടമകളെ അനുകൂലിച്ചും ചിലർ കമന്റുകളിട്ടു.
താമസസ്ഥലത്തിനായുള്ള ഉയർന്ന ആവശ്യകതയാണ് വലിയ വാടകയ്ക്ക് കാരണമെന്ന് ഒരാൾ കമന്റിട്ടു. സംഘടിതമായ കൊള്ളയാണ് നടക്കുന്നതെന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്നാൽ വീട്ടുടമകൾ മാർക്കറ്റ് നിരക്ക് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഒരാൾ ന്യായീകരിച്ചത്. ഉയർന്ന ശമ്പളമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും മറ്റും വാടകയെ പറ്റി പരാതി പറയാൻ പാടില്ലെന്നാണ് മറ്റൊരു കമന്റ്. യുവതി പറഞ്ഞത് തെറ്റാണെന്നും ചിലർ പറഞ്ഞു.
Content Highlights: Woman expressed her outrage after seeing a 2BHK flat in Koramangala, Bengaluru, listed for a monthly rent of ₹70,000. She pointed out the irony of charging such a "premium" in an area plagued by open sewage, broken roads, and heavy traffic. "Koramangala, have some shame," she wrote, questioning what exactly tenants are paying for besides "vibes." Her post has garnered thousands of reactions, with many comparing Bengaluru's rent scene to Mumbai's and calling it "organized loot."