'ബെംഗളൂരുവില്‍ ഇത് അപൂര്‍വ്വം'; താമസം മാറിപ്പോകുമ്പോള്‍ വീട്ടുടമസ്ഥന്റെ സമ്മാനം വെള്ളി ബ്രേസ്‌ലെറ്റ്

സമ്മാനമായി ലഭിച്ച വെള്ളി ബ്രേസ്‌ലെറ്റ് | Photo: reddit/ Kind_Transition_7885
സമ്മാനമായി ലഭിച്ച വെള്ളി ബ്രേസ്‌ലെറ്റ് | Photo: reddit/ Kind_Transition_7885

ബെംഗളൂരു നഗരത്തിലെ ഉയര്‍ന്ന വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. എന്നാല്‍ ഇതില്‍ തിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. വീട് മാറിപ്പോകുമ്പോള്‍ വീട്ടുടമസ്ഥന്‍ തനിക്കൊരു വെള്ളി ബ്രേസ്‌ലെറ്റ് സമ്മാനിച്ച കാര്യമാണ് യുവാവ് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്. ബ്രേസ്‌ലെറ്റിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

രണ്ട് വര്‍ഷമാണ് താന്‍ ആ വീട്ടില്‍ വാടകയ്ക്ക് താമസിച്ചതെന്നും ഇത്രയും കാലം ഒരു മകനെപ്പോലെയാണ് തന്നെ പരിഗണിച്ചതെന്നും യുവാവ് കുറിച്ചു. യാത്രയയപ്പ് സമ്മാനമായി ഐശ്വര്യത്തിനായി ധരിക്കുന്ന പരമ്പരാഗത വെള്ളി ബ്രേസ്‌ലെറ്റ് സമ്മാനിച്ചു. അതു മാത്രമല്ല, അദ്ദേഹത്തിന്റെ സ്‌കൂട്ടി പലപ്പോഴും തനിക്ക് ഉപയോഗിക്കാന്‍ നല്‍കിയിട്ടുണ്ടെന്നും യുവാവ് പറയുന്നു. 

വൈറലായ ഈ പോസ്റ്റിന് താഴെ വീട്ടുടമസ്ഥനെ അഭിനന്ദിച്ച് പലരും കമന്റ് ചെയ്തു. ഒരു നല്ല വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ടെന്നും ചില വീട്ടുടമസ്ഥര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ പണം പോലും തിരിച്ച് തരാറില്ലെന്നും ആളുകള്‍ കമന്റില്‍ പറയുന്നു. എന്തെങ്കിലും സമ്മാനം തിരിച്ചുനല്‍കാന്‍ ശ്രമിക്കണമെന്നും ഇത്രയും നല്ല മനുഷ്യരെ അപൂര്‍വമായി കാണാന്‍ സാധിക്കൂവെന്നുമായിരുന്നു ഒരു പ്രതികരണം. പണം കൊടുത്ത് വാങ്ങാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നായിരുന്നു ഒരു കമന്റ്. 

Content Highlights: bengaluru man receives silver kada as farewell gift from landlord