ഫിറ്റ്നസിന് 1 ലക്ഷം, ഭക്ഷണത്തിന് 2.5 ലക്ഷം, യാത്ര, താമസം; 2025ലെ ചെലവ് 47 ലക്ഷം, വിവരിച്ച് ദമ്പതികൾ

2025-ലെ തങ്ങളുടെ ജീവിതച്ചെലവ് വിശദീകരിച്ച് ബെംഗളൂരുവിലെ ദമ്പതിമാർ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ബെംഗളൂരു നഗരത്തിലെ വാടക, യാത്ര, ഫിറ്റ്നസ്, ഷോപ്പിങ്ങ് എന്നിവയ്ക്ക് മൊത്തത്തിൽ 47 ലക്ഷം രൂപയാണ് 2025-ലെ തങ്ങളുടെ ചെലവെന്നാണ് ദമ്പതിമാർ വീഡിയോയിൽ അവകാശപ്പെടുന്നത്. 'ട്രാവൽ കപ്പിൾ' എന്നറിയപ്പെടുന്ന ആഷിഷും പ്രകൃതി അറോറയും സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്.
ബെംഗളൂരുവിൽ അപ്പാർട്ട്മെന്റിന് വർഷത്തിൽ അഞ്ച് ലക്ഷം രൂപ വാടക നൽകേണ്ടതുണ്ട്. 2025-ൽ ഫിറ്റ്നസ്സിന് പ്രഥമ പരിഗണന നൽകി. പേഴ്സണൽ ട്രെയിർക്കും മെമ്പർഷിപ്പ് പുതുക്കിയതും ഉൾപ്പെടെ ഒരു ലക്ഷം രൂപ ഫിറ്റ്നസ്സിനായി ചെലവഴിച്ചു. ഓർഡർ ചെയ്ത ഭക്ഷ്യവസ്തുക്കൾക്കും പുറത്തുനിന്നുള്ള ഭക്ഷണത്തിനും 2.5 ലക്ഷം. വീട്ടുജോലിക്കാർ, അറ്റകുറ്റപ്പണികൾ, ആപ്പ് സബ്സ്ക്രിപ്ഷൻ എന്നിവയ്ക്ക് 1.5 ലക്ഷം. ഗ്രൂമിങ്ങ്, കാബ് യാത്ര എന്നിവയ്ക്ക് 1.3 ലക്ഷം രൂപ ചെലവായെന്നും ഇവർ പറയുന്നു.
യാത്രയ്ക്കായാണ് ഇവർ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 63 വിമാനയാത്രകൾ നടത്തിയെന്നും 13 രാജ്യങ്ങൾ സന്ദർശിച്ചെന്നും ഇവർ പറയുന്നു. ഹോട്ടലുകളിലും എയർ ബിഎൻബികളിലും 121 ദിവസം താമസിച്ചിരുന്നു. ഇവയ്ക്കെല്ലാം കൂടെ 29 ലക്ഷം രൂപ ചെലവഴിച്ചു. ഷോപ്പിങ്ങും മറ്റ് ചില ചെലവുകളും ഉൾപ്പെടെ ഏകദേശം 47 ലക്ഷം രൂപ 2025-ൽ ചെലവഴിച്ചതായി ദമ്പതികൾ വ്യക്തമാക്കി.
വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നതെന്നും ഇങ്ങനെ യാത്ര ചെയ്യുന്നത് സ്വപ്നമാണെന്നും ഒരാൾ പ്രതികരിച്ചു. നിങ്ങൾ ജീവിതം ആസ്വദിക്കുകയാണെന്നായിരുന്നു മറ്റൊരു കമന്റ്.
Content Highlights: Bengaluru content creators reveal their ₹47 lakh annual expenses for 2025, covering rent, travel, fitness, and more.