30 ലക്ഷം രൂപയുടെ വായ്പ രണ്ട് വർഷം കൊണ്ട് തീർത്തു; എങ്ങനെയെന്ന് വിശദീകരിച്ച് IIM-ൽ പഠിച്ച യുവതി

#Lifestyle Desk
ആവണി റാത്തോഡ് | Photos: instagram.com/avani.rathore25
ആവണി റാത്തോഡ് | Photos: instagram.com/avani.rathore25

30 ലക്ഷം രൂപയുടെ വായ്പ്പ അടച്ചുതീർക്കാൻ എത്രകാലം വേണ്ടിവരും? രണ്ട് വർഷം മതി എന്നാണ് കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) പഠിച്ചിറങ്ങിയ ആവണി റാത്തോഡ് എന്ന യുവതി പറയുന്നത്. എങ്ങനെയാണ് താൻ തന്റെ വിദ്യാഭ്യാസ വായ്പ്പ അടച്ചുതീർത്തതെന്നും അവർ വിശദീകരിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

എംബിഎയ്ക്ക് പോകുന്നതിന് മുമ്പായി രണ്ടുവർഷം ജോലി ചെയ്തിരുന്നുവെന്നും സമ്പാദ്യമായി ഒരു തുക കൈയിലുണ്ടായിരുന്നുവെന്നും ആവണി പറയുന്നു. ഇത് മുന്നോട്ടുള്ള യാത്രയിൽ സാമ്പത്തിക കാര്യങ്ങൾ അനായാസമാക്കാൻ സഹായിച്ചുവെന്നും ആവണി കൂട്ടിച്ചേർത്തു.

മ്യൂച്വൽ ഫണ്ട്, പിപിഎഫ് തുടങ്ങിയ തന്റെ നിക്ഷേപങ്ങൾ വായ്പ്പ തിരിച്ചടയ്ക്കാനായി തൊട്ടിട്ടില്ലെന്ന് ആവണി പറയുന്നു. ഫീസ് നൽകാനായി തന്റെ കൈയിൽ പണമായുള്ള സമ്പാദ്യമാണ് ഉപയോഗിച്ചത്. ഇന്റേൺഷിപ്പാണ് അടുത്തത്. നന്നായി പണം ലഭിക്കുന്ന ഒരിടത്ത് സമ്മർ ഇന്റേൺഷിപ്പ് ചെയ്തതിലൂടെ വരുമാനം ലഭിച്ചുവെന്ന് ആവണി പറയുന്നു.

പിന്നീട് രണ്ടാം വർഷം പ്രീ പ്ലേസ്‌മെന്റ് ഓഫർ അഥവാ പിപിഒ ലഭിച്ചു. ആവണി പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനും തുടങ്ങിയിരുന്നു. ഈ അധികവരുമാനം ബാക്കി ഫീസ് അടയ്ക്കാൻ ഉപയോഗിച്ചു. ഇത്തരത്തിൽ മറ്റ് വരുമാനങ്ങളിലൂടെ ഫീസ് അടയ്ക്കുമ്പോൾ വായ്പ്പാ തുക ഉപയോഗിക്കുന്നത് കുറയ്ക്കാൻ കഴിഞ്ഞുവെന്നാണ് ആവണി റാത്തോഡ് പറയുന്നത്.

എംബിഎ പഠനം പൂർത്തിയാക്കിയ ശേഷം തന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം ലോൺ തിരിച്ചടവിനായാണ് ആവണി ഉപയോഗിച്ചത്. ചെറിയ ഓട്ടമത്സരമായിരുന്നില്ല, മറിച്ച് മാരത്തോൺ തന്നെയായിരുന്നു വായ്പ്പാ തിരിച്ചടവെന്ന് ആവണി കൂട്ടിച്ചേർത്തു. തന്നെ ആശ്രയിച്ച് ജീവിക്കുന്നവർ ആരുമില്ലെന്നും അതിനാൽ ശമ്പളത്തിന്റെ സിംഹഭാഗം വായ്പ്പയിലേക്ക് പോകുന്നത് പ്രശ്‌നമല്ലെന്നും ആവണി റാത്തോഡ് പറഞ്ഞു.

കൃത്യമായ പദ്ധതിയോടെ വിദ്യാഭ്യാസ വായ്പ്പ രണ്ടുവർഷം കൊണ്ട് അടച്ചുതീർത്ത ആവണിയെ നിരവധി പേരാണ് അഭിനന്ദിച്ചത്. അതേസമയം പലിശ കുറവായതിനാലും ആദായനികുതി ആനുകൂല്യങ്ങളുള്ളതിനാലും വിദ്യാഭ്യാസ വായ്പ നേരത്തേ തന്നെ അടയ്‌ക്കേണ്ടതില്ലായിരുന്നുവെന്നാണ് ഒരാൾ പറഞ്ഞത്. എന്നാൽ വ്യക്തിപരമായ സമാധാനത്തിനായി ഇത് നല്ല തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Avani Rathore, an IIM Calcutta alumna, has gone viral for explaining how she repaid a ₹30 lakh education loan in just two years. Her strategy included using pre-MBA savings, income from a high-paying summer internship, and part-time work during her second year. By securing a Pre-Placement Offer (PPO) and dedicating a major portion of her post-MBA salary to the debt, she achieved this milestone through strict financial discipline.