കോൾഡ് പ്ലേ ‘കിസ് കാം’ വിവാദം; ആസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജിവെച്ചു

കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയുണ്ടായ ‘കിസ് കാം’ വിവാദങ്ങൾക്ക് പിന്നാലെ പ്രമുഖ ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജിവെച്ചു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് കമ്പനി തന്നെ പ്രസ്താവനയിറക്കി. 2023 ജൂലായിലാണ് ബൈറൺ കമ്പനിയുടെ സിഇഒ സ്ഥാനത്തെത്തിയത്.
'കമ്പനിയെ നയിക്കുന്നവർ തങ്ങളുടെ മൂല്യങ്ങളിലും സംസ്കാരത്തിലും ഉന്നതനിലവാരം പുലർത്തണമെന്ന കാര്യത്തിൽ ആസ്ട്രോണമർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, അടുത്തിടെ ആ നിലവാരം പാലിക്കപ്പെട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടു. ആൻഡി ബൈറൺ രാജി സമർപ്പിക്കുകയും അത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചിട്ടുമുണ്ട്. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡിജോയ് ഇടക്കാല സി.ഇ.ഒ. ആയി തുടരും', കമ്പനി അറിയിച്ചു.
ബുധനാഴ്ച യുഎസിലെ ബോസ്റ്റണിൽ നടന്ന കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയായിരുന്നു ആൻഡി ബൈറണും സഹപ്രവർത്തക ക്രിസ്റ്റിൻ കാബോട്ടും നൃത്തംചെയ്തുകൊണ്ട് പരിപാടി ആസ്വദിക്കുന്നത് ലൈവ് ക്യാമറയിൽ പതിഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യവും സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
പിന്നാലെ, കമ്പനിയിലെ ചീഫ് പീപ്പിൾസ് ഓഫീസറായ ക്രിസ്റ്റിൻ കാബോട്ടുമായി രണ്ടുകുട്ടികളുടെ അച്ഛൻ കൂടിയായ ബൈറൺ വിവാഹേതരബന്ധത്തിലാണെന്ന ആരോപണം ശക്തമായി. ഇരുവർക്കുമെതിരേ നടപടിവേണമെന്നും ആവശ്യമുയർന്നിരുന്നു.
Content Highlights: Astronomer CEO, Caught On Kiss Cam During Coldplay Concert