‘തിരിച്ചുവന്ന് എന്നെ വാരിപ്പുണർന്നെങ്കിൽ’; ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ കുറിപ്പുമായി ചെറുമകൾ സനായി

ഇക്കഴിഞ്ഞ ഏപ്രിൽ 12-ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചത്. ഇപ്പോഴിതാ മുത്തശ്ശിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് കൊച്ചുമകൾ സനായി ഭോസ്‌ലെ.
മുത്തശ്ശിയുടെ മരണശേഷം അവരോടൊപ്പമുള്ള കുട്ടിക്കാലത്തെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സനായി തന്റെ സങ്കടം പ്രകടിപ്പിച്ചത്. ‘എന്റെ രക്തമായി വീണ്ടും ജനിക്കുമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇതൊരു ആത്മബന്ധമാണ്," എന്ന് സനായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും സനായി അമ്മൂമ്മയെ ഓർത്തുകൊണ്ട് വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു.
"ഇന്ന് രാവിലെ ഉണർന്നപ്പോൾ എനിക്ക് മനസ്സിലായി, എന്റെ എല്ലാ വികൃതികൾക്കും കൂട്ടുനിന്നിരുന്ന, എന്റെ ലോകം പൂർണ്ണമാക്കിയിരുന്ന ആ പ്രിയപ്പെട്ട സുഹൃത്തിനെ എനിക്ക് നഷ്ടമായെന്ന്. ഞാൻ ജനിച്ചപ്പോൾ എന്നെ ആദ്യം കൈകളിൽ എടുത്തത് അവരായിരുന്നു.
ഇനി ആരെയാണ് ഞാൻ രാവിലെ എഴുന്നേറ്റ് കെട്ടിപ്പിടിക്കുക? ആരുടെ കൂടെയാണ് ചായ കുടിക്കുക? വീട്ടിലേക്ക് വരുമ്പോൾ ഇനി ആരെയാണ് ഞാൻ കാണുക? തിരിച്ചുവന്ന് എന്നെ വാരിപ്പുണരാനായി കാത്തിരിക്കുന്നു – സനായി പോസ്റ്റിൽ കുറിച്ചു.
സംഗീത ലോകത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പ്രിയ ഗായികയ്ക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നത്.
Content Highlights: Legendary singer Asha Bhosle passed away on April 12. Granddaughter Sanai Bhosle shared an emotional social media tribute