'നീയാണെന്റെ ആലയം', പ്രണയാതുരമായ കുറിപ്പോടെ വിവാഹവിശേഷം പങ്കുവെച്ച് അര്‍മാന്‍ മാലിക്

ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി. സ്വകാര്യച്ചടങ്ങിലാണ് പ്രണയിനി ആഷ്‌ന ഷ്‌റോഫിനെ അര്‍മാന്‍ മാലിക് ജീവിതസഖിയാക്കിയത്. ഇരുവരും ചേര്‍ന്ന് വിവാഹവിശേഷം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു. വിവാഹത്തെ കുറിച്ച് അര്‍മാന്‍ നേരത്തെ സൂചന നല്‍കാതിരുന്നതിനാല്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹവാര്‍ത്ത അത്ഭുതവും ആഹ്‌ളാദവുമായി.
വിവാഹച്ചടങ്ങില്‍നിന്നുള്ള മനോഹരനിമിഷങ്ങളാണ് അര്‍മാനും ആഷ്‌നയും പങ്കുവെച്ചത്. "നീയാണെന്റെ ആലയം" എന്നാണ് അര്‍മാന്‍ കുറിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയില്‍ ആഷ്‌ന അതീവസുന്ദരിയായി. പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണി സ്യൂട്ടാണ് അര്‍മാന്റെ വേഷം.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അഭിനന്ദനവുമായെത്തിയിരിക്കുന്നത്. വരുണ്‍ ധവാന്‍ ഉള്‍പ്പെടെ മൂന്നര ലക്ഷത്തോളം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തുകഴിഞ്ഞു. 2023 ഓഗസ്റ്റില്‍ അര്‍മാന്റേയും ആഷ്‌നയുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ രണ്ടുപേരും ഷെയര്‍ ചെയ്യാറുണ്ട്.
വജാ തും ഹോ, ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച അര്‍മാന്‍ മാലിക് എഡ് ഷീറനോടൊപ്പം കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. ഫാഷന്‍, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്‌ന. 2023 ല്‍ കോസ്‌മോപോളിറ്റന്‍ ലക്ഷ്വറി ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറായി ആഷ്‌ന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Singer Armaan Malik marries Aashna Shroff.