വസ്ത്രധാരണത്തെ അശ്ലീലമായി ചിത്രീകരിക്കുന്നു; യുട്യൂബർമാർക്കെതിരെ ആരതികൃഷ്ണ

പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് കേരളത്തിലെ ബോഡി ബിൽഡിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മിസ് കേരള ഫിറ്റ്‌നസ് ജേതാവായ ആരതി കൃഷ്ണ. പുരുഷാധിപത്യമുള്ള കായിക മേഖലയിൽ മസ്കുലർ ബോഡി സ്വന്തമാക്കി വിസ്മയിപ്പിച്ച താരം ചില യുട്യൂബർമാരുടെ സൈബർ വേട്ടയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്. തന്റെ കരിയറിനെയും സ്വകാര്യ ജീവിതത്തെയും തകർക്കുന്ന രീതിയിൽ മോശമായ വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് ഇൻസ്റ്റഗ്രാമിലൂടെ താരം സംസാരിച്ചത്.
പൊതുവേദികളിൽ പങ്കെടുക്കുമ്പോൾ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധകളെപ്പോലും ലൈംഗികച്ചുവയോടെ ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നത് തന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്നതായി ആരതി പറയുന്നു. പലപ്പോഴും പ്രോഗ്രാമുകൾക്ക് ലഭിക്കുന്ന വസ്ത്രങ്ങൾ സ്വന്തം അളവിനുള്ളതാകില്ലെന്നും തിരക്കുകൾക്കിടയിൽ അവ ക്രമീകരിക്കുന്നതിനിടയിൽ സംഭവിക്കുന്ന പാകപ്പിഴകളെ ബോധപൂർവം ഫോക്കസ് ചെയ്ത് വീഡിയോകൾ നിർമ്മിക്കുകയാണെന്നും താരം ആരോപിച്ചു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ചെരുപ്പിടാൻ ശ്രമിക്കുമ്പോൾ വസ്ത്രം താഴ്ന്നുപോയത് ഫോക്കസ് ചെയ്ത് പല യുട്യൂബർമാരും വീഡിയോകൾ പങ്കുവെച്ചതായി ആരതി ചൂണ്ടിക്കാട്ടി.
വസ്ത്രധാരണത്തെ മാത്രമല്ല, തന്റെ സംസാരത്തെപ്പോലും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതായി അവർ പറയുന്നു. ജിമ്മിലെ സൗകര്യങ്ങൾ ഇടയ്ക്ക് ഉപയോഗിക്കാമെന്ന് സംഘാടകർ പറഞ്ഞപ്പോൾ, 'മാറി മാറി പല ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യാൻ താല്പര്യമുണ്ട്' എന്ന് പറഞ്ഞതിനെ പകുതിക്ക് വെച്ച് മുറിച്ച് 'എനിക്ക് മാറി മാറി ചെയ്യാൻ താല്പര്യമുണ്ട്' എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് കേവലം റീച്ചിന് വേണ്ടിയാണെന്ന് ആരതി പറഞ്ഞു. അന്തസ്സായി ജീവിക്കാൻ ആഗ്രഹിക്കുന്ന തന്നെ മാനസികമായി തകർത്ത് ഇല്ലാതാക്കരുതെന്നും ആരതി അഭ്യർത്ഥിക്കുന്നു.
ഗുരുതരമായ പരിക്കിനെ അതിജീവിച്ച്, എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്നാണ് ആരതി ബോഡി ബിൽഡിങ് രംഗത്തേക്ക് പൊരുതിക്കയറിയത്. 2022-ലെ മിസ് കേരള ഫിറ്റ്‌നസ് പട്ടം നേടിയ താരം ഒട്ടേറെ പെൺകുട്ടികൾക്ക് ഈ മേഖലയിലേക്ക് വരാൻ വലിയൊരു പ്രചോദനമാണ്. ഇത്രയും മനുഷ്യത്വമില്ലാത്തവർക്ക് നടുവിൽ ജീവിക്കാൻ ഭയമാണെന്നും, എന്നാൽ താൻ വന്ന വഴിയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഇവിടെ പിടിച്ചുനിൽക്കുന്നതെന്നും ആരതി കൂട്ടിച്ചേർത്തു. സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുറന്നുപറച്ചിൽ ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.
ആരതി പങ്കുവെച്ച വീഡിയോയിൽ നിന്ന്;
‘‘വിഷമത്തോടെയാണ് ഈ വീഡിയോ ചെയ്യുന്നത്. അത്താണിയിൽ ഒരു പ്രോഗ്രാമിന് പോയിരുന്നു. കഴിഞ്ഞൊരു പ്രോഗ്രാമിന് ശേഷം വളരെ മോശമായ രീതിയിലുള്ള എന്റെ കുറെ വീഡിയോകൾ കണ്ടു. അതുകൊണ്ട് തന്നെ ഈ പ്രോഗ്രാമിന് പോയപ്പോൾ ഞാൻ എല്ലാ മീഡിയയോടും ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു. എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത് മീഡിയ ആണ്, ഇന്ന് ഈ ഒരു അവസ്ഥയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിനെല്ലാം ഒരു പ്രധാന പങ്കുവഹിച്ചതും ഇവരാണ്. അതുകൊണ്ട് ബഹുമാനവും കടപ്പാടും എല്ലാം ഉണ്ട്. പക്ഷേ കഴിഞ്ഞ പ്രോഗ്രാമിന്റെ വീഡിയോകൾ പുറത്തു വന്നപ്പോൾ ഞാൻ പോലും അറിയാതെ എന്നെ വേറെൊരു കാറ്റഗറിയിലേക്ക് പെടുത്തുന്നത് പോലെ തോന്നി. ഞാൻ അങ്ങനെ ഒരാളേ അല്ല, എന്നെ അങ്ങനെ ആക്കാൻ ശ്രമിക്കരുതെന്ന് ഞാൻ എല്ലാ യൂട്യുബേഴ്സിനോടും പറഞ്ഞു. ഞാൻ അങ്ങനെ ഉള്ള വസ്ത്രം ധരിച്ചിട്ടല്ലേ എന്ന് നിങ്ങൾക്കൊക്കെ തോന്നാം. കൊളാബ് ചെയ്യാറില്ല, ഒരു വിദേശ വനിത കുറച്ച് വസ്ത്രങ്ങൾ സമ്മാനമായി നൽകിയിരുന്നു.
എന്നെ സംബന്ധിച്ച് ഒരു പ്രോഗ്രാമിന് വരുമ്പോൾ വസ്ത്രം സംഘടിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ളപ്പോൾ നമുക്ക് ഡ്രസ്സ് കിട്ടുന്നത് വലിയ കാര്യമാണ്. കുറേ വസ്ത്രങ്ങൾ തരുമ്പോൾ അതിൽ നിന്ന് നമുക്ക് പാകമാകുന്നത് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടിട്ടാണ്, ചിലതൊന്നും നമ്മുടെ ശരീരത്തിനനുസരിച്ച് ഉള്ളതാകില്ല, മറ്റൊരാളുടെ അളവിനുള്ളതാകും. ഈ ഒരു ചെറിയ കാര്യമല്ലേ ഉള്ളൂ എന്ന് കരുതിയാകും അത് ഉപയോഗിക്കുക. ഒരേ സമയത്ത് പല കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ വസ്ത്രത്തിന്റെ കാര്യം ചിലപ്പോൾ മാനേജ് ചെയ്യാൻ പറ്റി എന്ന് വരില്ല. ചിലപ്പോൾ കുനിയുമ്പോൾ വസ്ത്രത്തിന്റെ കഴുത്ത് ഇറങ്ങിപോകും, സ്ലിറ്റ് മാറി കിടക്കും, എല്ലാം ഒന്നും എപ്പോഴും ശ്രദ്ധിക്കാൻ പറ്റില്ല. കഴിഞ്ഞ ദിവസം പങ്കെടുത്ത ചടങ്ങിൽ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. പരിപാടി കഴിഞ്ഞു വന്ന് ചെരുപ്പ് ഇട്ടുകൊണ്ടിരുന്നപ്പോൾ കഴുത്ത് പിടിച്ചു നേരെ ആക്കാൻ മറന്നുപോയി. ആ സമയത്ത് ചെരുപ്പ് ഇട്ടുകൊണ്ടിരുന്ന സമയമത്രയും ഇത് ഫോക്കസ് ചെയ്ത് മുഴുവൻ കവർ ചെയ്ത് പല യൂട്യൂബേഴ്സും വീഡിയോ എടുത്ത് ഇടുകയുണ്ടായി. ഞാൻ ഈ വിഡിയോ നോക്കാറില്ല, പക്ഷേ ഇത് കാണുന്ന പലരും എനിക്ക് എടുത്ത് അയച്ചു തന്നു. ഇത് ഞാൻ മാത്രമല്ല എന്റെ കുടുംബക്കാരും അമ്മയും എനിക്ക് ചുറ്റുമുള്ള ആൾക്കാരും കാണുന്നുണ്ട്. എന്റെ അമ്മ ഇത് കണ്ടിട്ട് ഒരുപാട് വിഷമിച്ചിട്ടുണ്ടാകും, ഞാൻ അങ്ങനെ ഒരാളേ അല്ല എന്ന് എന്റെ അമ്മയ്ക്ക് വ്യക്തമായി അറിയാം. ഈ വീഡിയോകൾ എത്രപേരുടെ കയ്യിൽ ഉണ്ട്, ഇവർ ഇതുകൊണ്ട് എന്താണ് ചെയ്യാൻ പോകുന്നത്, എവിടെയൊക്കെ പോസ്റ്റ് ചെയ്യും എന്നൊന്നും എനിക്കറിയില്ല. ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല, ഇതെങ്ങനെ ബ്ലോക്ക് ചെയ്യണമെന്നും അറിയില്ല. എന്തെങ്കിലും കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അത് പകുതി കട്ട് ചെയ്ത് വേറെന്തോ ആക്കി ലൈംഗിക ചുവയുള്ള രീതിയിൽ ആക്കി തീർക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ജിമ്മിൽ പോയപ്പോൾ ഞാൻ പറഞ്ഞു, ‘എനിക്ക് ഈ ജിം ഇഷ്ടപ്പെട്ടു അവിടുത്തെ സൗകര്യങ്ങൾ ഇഷ്ടപ്പെട്ടു’ എന്ന്. അപ്പോൾ അവർ പറഞ്ഞു വണ്ടി അയയ്ക്കാം, വല്ലപ്പോഴും ഇവിടെ വന്നു വർക്ഔട്ട് ചെയ്തോളൂ എന്ന്.
ഞാൻ പറഞ്ഞു എനിക്ക് സന്തോഷമേ ഉള്ളൂ, മാറി മാറി പല ജിമ്മിൽ വർക്ഔട്ട് ചെയ്യാൻ താൽപര്യം ഉണ്ടെന്ന്. അതിനെ കട്ട് ചെയ്ത് ‘എനിക്ക് മാറിമാറി ചെയ്യാൻ താല്പര്യമുണ്ട്’ എന്ന രീതിയിൽ ഇട്ട് പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇത്രയും നാൾ എന്നെ പരിചയമുള്ള ആരെങ്കിലും ഞാൻ ഇത്തരത്തിൽ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ആളാണെന്ന് പറഞ്ഞാൽ ഞാൻ ഈ ഫീൽഡ് തന്നെ വിട്ടുപോകാൻ തയാറാണ്. കാരണം അത്രയും പെർഫെക്റ്റ് ആയി ജീവിക്കുന്ന ഒരാളാണ് ഞാൻ, എന്റെ മാനത്തിന് അത്രയും വില കൽപ്പിക്കുന്ന ആളാണ് ഞാൻ. അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ ആണെങ്കിൽ അങ്ങനെ ഉള്ള സൗഭാഗ്യങ്ങൾ എല്ലാം തട്ടിയെറിഞ്ഞിട്ട് ഒരു വട്ടത്തിനുള്ളതിൽ മാത്രം ഒതുങ്ങി ജീവിക്കുന്ന ഒരാളാണ്. എന്റെ ലോകം വിശാലമാക്കാൻ വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിട്ടില്ല. ഇത്രയും മനുഷ്യത്വമില്ലാത്ത ആൾക്കാർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയുമ്പോൾ ഇവിടെ ജീവിക്കാൻ തന്നെ പേടിയാവുകയാണ്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം ഉപേക്ഷിക്കാനാണ് തോന്നുന്നത്, എന്നാൽ എവിടെനിന്നാണോ തുടങ്ങിയത് അവിടേക്ക് തിരിച്ച് പോകാൻ ആഗ്രഹമില്ലാത്തതു കൊണ്ട് മാത്രമാണ് കടിച്ചുതൂങ്ങി നിൽക്കുന്നത്. ഇല്ലാതാക്കാൻ ശ്രമിക്കരുത്'- വീഡിയോയിൽ ആരതി കൃഷ്ണ പറഞ്ഞു.