എ.ആർ. റഹ്മാൻ വിവാഹമോചിതനാകുന്നു; അടുക്കാനാകാത്തവിധം അകന്നുപോയെന്ന് സൈറയുടെ വാർത്താകുറിപ്പ്

സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയിൽ അറിയിച്ചത്.
വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ.ആർ. റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്കൊടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ അഭിഭാഷക അറിയിച്ചു.
29 വർഷത്തെ ദാമ്പത്യമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നതായി സൈറ ബാനു വാർത്താകുറിപ്പിൽ അറിയിച്ചത്. ഇരുവരുതമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കുന്നില്ല. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നാണ് സൈറ വാർത്താ കുറിപ്പിൽപറയുന്നത്.
1995 -ലാണ് എ.ആർ. റഹ്മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. എന്നാൽ എ.ആർ. റഹ്മാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
Content Highlights: AR Rahman wife Saira announces separation