'ഇംഗ്ലീഷ് സംസാരിക്കുമോ? കാര്‍ ഓടിക്കുമോ?'; എ.ആർ. റഹ്‌മാനോട് സൈറ ചോദിച്ചത് രണ്ടുകാര്യങ്ങള്‍ മാത്രം

എആര്‍ റഹ്മാന്‍ ഭാര്യ സൈറ ബാനുവിനൊപ്പം | Photo: instagram/ ar rahman
എആര്‍ റഹ്മാന്‍ ഭാര്യ സൈറ ബാനുവിനൊപ്പം | Photo: instagram/ ar rahman

എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോവുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സൈറയുടെ അഭിഭാഷകയാണ് ഈ വിവരം ആദ്യം വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍. റഹ്‌മാനും രംഗത്തെത്തി. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ എ.ആര്‍. റഹ്‌മാനും സൈറയും ഒരുമിച്ച് പങ്കെടുത്ത ചില ടെലിവിഷന്‍ പരിപാടികളിലെ രംഗങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റഹ്‌മാനെ ആദ്യമായി കണ്ടതിനെക്കുറിച്ച് സൈറ സംസാരിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആറുവര്‍ഷം മുന്‍പ് ഒരു തമിഴ് ടി.വി. ചാനല്‍ നടത്തിയ പരിപാടിയുടെ ദൃശ്യങ്ങളാണിത്. 

അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് എ.ആര്‍. റഹ്‌മാന്‍ തന്നെ ആദ്യമായി കാണാന്‍ വന്നതെന്നാണ് സൈറ ഈ വീഡിയോയില്‍ പറയുന്നത്. 'എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞാന്‍ യെസ് പറഞ്ഞു' സൈറ വാചാലയായി. 

Also Read: 'എനിക്കറിയില്ല! ഹണിമൂണിനിടെ റഹ്‌മാന്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ സൈറയുടെ മറുപടി'; ആ സംഭവം ഇങ്ങനെ

ആ വേളയില്‍ രണ്ടുകാര്യങ്ങള്‍ മാത്രമാണ് എ.ആര്‍. റഹ്‌മാനോട് ചോദിച്ചതെന്നായിരുന്നു സൈറയുടെ വെളിപ്പെടുത്തല്‍. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുമോ, കാര്‍ ഓടിക്കാന്‍ അറിയുമോ എന്നതായിരുന്നു ആ ചോദ്യങ്ങള്‍. ആ ഘട്ടത്തില്‍ താന്‍ കണ്‍ഫ്യൂഷനിലായിരുന്നുവെന്നാണ് റഹ്‌മാന്‍ മറുപടി നല്‍കിയത്. തന്റെ ജീവിതപങ്കാളിയായതിനും തന്റെ കുട്ടികളുടെ അമ്മയായതിലും സൈറയോട് ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിനോട് മാത്രം 'ഐ ലവ് യൂ' പറയുന്നതിലാണ് റഹ്‌മാന്‍ വിശ്വസിക്കുന്നതെന്നും സൈറ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. എ.ആര്‍. റഹ്‌മാന്‍ ഒരേസമയം നല്ല ഭര്‍ത്താവും നല്ല മകനുമാണെന്നും സൈറ പറഞ്ഞിരുന്നു.

Content Highlights: ar rahman saira banu says about their first meeting, old videos went viral