റഹ്മാൻ-സൈറ വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ?; പ്രതികരിച്ച് സൈറയുടെ അഭിഭാഷക

മോഹിനി ഡേ, എ.ആര്‍. റഹ്‌മാനും സൈറാ ബാനുവും | Photo: ANI, Mohini Dey Hartsuch
മോഹിനി ഡേ, എ.ആര്‍. റഹ്‌മാനും സൈറാ ബാനുവും | Photo: ANI, Mohini Dey Hartsuch

എ.ആര്‍. റഹ്‌മാന്‍- സൈറാ ബാനു വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് അഡ്വ. വന്ദന ഷാ. ബന്ധം വേര്‍പിരിയുന്നത് പരസ്പരബഹുമാനത്തോടെയാണെന്നും സൈറാ ബാനുവിന്റെ അഭിഭാഷകയായ വന്ദന ഷാ അറിയിച്ചു. അതേസമയം, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍നിന്ന് അവര്‍ വിട്ടുനിന്നു.

ഒരു ഇംഗ്ലീഷ് വാര്‍ത്താചാനലിനോടായിരുന്നു വന്ദന ഷായുടെ പ്രതികരണം. ഇരുവരും പക്വമായാണ് വിവാഹമോചനത്തെ കൈകാര്യംചെയ്തതെന്ന് വന്ദന ഷാ അഭിപ്രായപ്പെട്ടു. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും അവര്‍ അടിവരയിട്ടു.

അതേസമയം, റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. രണ്ടുവിവാഹമോചനങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ വന്ദന ഷാ, സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ വിവാഹങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചത്. റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി.

സൈറയുടെ അഭിഭാഷക വന്ദന ഷാ തന്നെയാണ് ഇരുവരുടേയും വിവാഹമോചനം അറിയിച്ചത്. പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന് അറിയിക്കുന്ന സംയുക്തപ്രസ്താവനയാണ് വന്ദന ഷാ പങ്കുവെച്ചത്. പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയും ബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും അവർ പ്രസ്താവനയില്‍ അറിയിച്ചു. വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

പിന്നാലെ, പ്രതികരണവുമായി എ.ആര്‍. റഹ്‌മാനും രംഗത്തെത്തി. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.

റഹ്‌മാന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 1995-ലാണ് സൈറയെ വിവാഹം കഴിച്ചത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്: ഖദീജ, റഹീമ, അമീന്‍. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.

എ.ആര്‍. റഹ്‌മാന്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായി മോഹിനി ഡേയുടെ വിവാഹമോചനം ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്നായിരുന്നു കുറിപ്പ്.

Content Highlights: 'A.R. Rahman and Saira Banu have divorced amicably, with no financial settlements discussed'