അമ്മയ്ക്കും ഉമ്മയ്ക്കുമൊപ്പം ഇഫ്താര് വിരുന്നൊരുക്കി അനുസിത്താര

ആരാധകരേറെയുള്ള ചലച്ചിത്രതാരമാണ് അനുസിത്താര. സിനിമയില് ഇപ്പോള് സജീവമല്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി താരം വിശേഷങ്ങള് പങ്കിടാറുണ്ട്. ഇപ്പോഴിതാ വയനാട്ടിലെ തന്റെ വീട്ടിലെ ഇഫ്താര് വിരുന്നിന്റെ ഒരുക്കങ്ങളും ആഘോഷവുമടങ്ങിയ വ്ളോഗ് പങ്കുവെച്ചിരിക്കുകയാണ് അനുസിത്താര. നടിയുടെ അമ്മ, അമ്മയുടെ അമ്മ, അച്ഛന്റെ ഉമ്മ തുടങ്ങിയവര് വീഡിയോയിലുണ്ട്. ഇഫ്താര് ആഘോഷത്തിന് മുന്നോടിയായി അടുക്കളയില് ഒന്നിച്ചിരുന്ന് ചെറിയ പത്തിരിയുണ്ടാക്കുന്നതും പരസ്പരം സംസാരിക്കുന്നതും പാട്ടുകള് പാടുന്നതുമെല്ലാമാണ് വീഡിയോയിലുള്ളത്. വീഡിയോ യൂട്യൂബില് ട്രെന്ഡിങ്ങിലുണ്ട്.
അനു സിത്താരയുടെ മാതാപിതാക്കളുടേത് മിശ്രവിവാഹമായിരുന്നു. മുസ്ലിം-ഹിന്ദു മതസ്ഥരുടെ എല്ലാ ആഘോഷങ്ങളും കുടുംബത്തിന്റെ ഭാഗമായിരുന്നെന്ന് നടി നേരത്തേ അഭിമുഖങ്ങളില് പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് താരം വിളിക്കുന്ന, അമ്മയുടെ അമ്മയും ഉമ്മ എന്ന് വിളിക്കുന്ന, അനുസിത്താരയുടെ പിതാവിന്റെ ഉമ്മയും വിശേഷങ്ങള് പറയുന്നതും ഇരുവരും പാട്ട് പാടുന്നതും വ്ളോഗിലുണ്ട്. നടിയുടെ ഭര്ത്താവായ വിഷ്ണു പ്രസാദാണ് വീഡിയോ ഷൂട്ട് ചെയ്തത്.
മനുഷ്യര് പരസ്പരം ശത്രുത പരത്തുന്ന കാലത്ത് കണ്ണിന് കുളിര്മ നല്കുന്ന കാഴ്ചാണ് പ്രസ്തുത വീഡിയോയെന്നതടക്കമുള്ള കമന്റുകളാണ് വ്ളോഗിന് ലഭിച്ചത്. ഈ ലോകത്ത് മനുഷ്യനേക്കാള് വലുതല്ല മതം എന്ന തെളിയിക്കുന്ന ഉമ്മയും അമ്മയുമാണ് നടിയുടേതെന്നും കമന്റ് വന്നു. മതങ്ങളുടെ പേര് പറഞ്ഞ് മനുഷ്യരെ കൊലവിളിക്കുന്ന ഇന്നത്തെ സമൂഹം കാണേണ്ട വീഡിയോയാണിതെന്നും മറ്റൊരാള് കുറിച്ചു.
2013-ല് സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിനിമയിലെത്തിയത്. 'ഒരു ഇന്ത്യന് പ്രണയകഥ', അനാര്ക്കലി, രാമന്റെ ഏദന്തോട്ടം, ക്യാപ്റ്റന്, ഒരു കുപ്രസിദ്ധ പയ്യന്, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകര്ക്ക് പ്രിയങ്കരിയായി.
Content Highlights: Anusithara's Iftar Vlog: A Family Celebration