29 പരസ്യ പോസ്റ്റുകള്‍,ഒടുവില്‍ വിവാഹവാര്‍ഷികത്തിന്റെ ചിത്രം പങ്കുവെച്ച് കോലി;സമാധാനമായെന്ന് ആരാധകര്‍

വിരാട് കോലിയും അനുഷ്‌ക ശര്‍മയും | Photo: instagram/ virat kolhi
വിരാട് കോലിയും അനുഷ്‌ക ശര്‍മയും | Photo: instagram/ virat kolhi

ക്രിക്കറ്റ് ലോകകപ്പിന് ശേഷം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലായിരുന്നു വിരാട് കോലിയും അനുഷ്‌ക ശര്‍മയും. ഇരുവരും മാധ്യമങ്ങളില്‍ നിന്നും, ആരാധകരില്‍ നിന്നും അകന്ന് ലണ്ടനിലാണ് ഒഴിവുകാലം ചെലവഴിച്ചത്. അവിടുത്തെ പ്രിയപ്പെട്ടൊരു റസ്റ്ററന്റ് സന്ദര്‍ശിച്ചപ്പോഴെടുത്ത ഇരുവരുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ റസ്റ്ററന്റിലെ ഷെഫാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. 

എന്നാല്‍ ഇപ്പോഴിതാ സ്വകാര്യ ജീവിതത്തിലെ സന്തോഷനിമിഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് കോലിയും അനുഷ്‌കയും. കഴിഞ്ഞ തിങ്കളാഴ്ച്ച ഇരുവരുടേയും ആറാം വിവാഹ വാര്‍ഷികമായിരുന്നു. കൂട്ടുകാരുമൊത്ത് കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങള്‍ അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അനുഷ്‌കയ്‌ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ കോലിയും പങ്കുവെച്ചു.

'കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്‌നേഹവും നിറഞ്ഞ ദിവസം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ വൈകിപ്പോയി' എന്നാണ് ചിത്രത്തിനൊപ്പം അനുഷ്‌ക കുറിച്ചത്. ഹാര്‍ട്ട് ഇമോജിക്കൊപ്പമായിരുന്നു കോലിയുടെ പോസ്റ്റ്.  ഏറെക്കാലത്തിന് ശേഷമാണ് കോലി ഇന്‍സ്റ്റഗ്രാമില്‍ പേഴ്‌സണല്‍ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ 29 പോസ്റ്റുകളും പരസ്യവുമായി ബന്ധപ്പെട്ടതായിരുന്നു.

ലണ്ടനിലായിരുന്നു വിവാഹ വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍. അനുഷ്‌കയുടെ സഹോദരനും നിര്‍മാതാവുമായ കര്‍ണേഷ് ശര്‍മ, മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍, ഭാര്യയും നടിയുമായ സാഗരിക ഘാട്‌കെ, സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ അഭിഷേക് ഉപമന്യു എന്നിവരോടൊപ്പമായിരുന്നു ഇരുവരുടേയും ആഘോഷം. 2017-ല്‍ ഇറ്റലിയില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 2021 ജനുവരില്‍ മകള്‍ വാമിക ജനിച്ചു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് വിരുഷ്‌ക.

Content Highlights: anushka sharma and virat kohli wedding anniversary celebration