20 വയസ്സിന്‍റെ വ്യത്യാസം എന്നെ അസ്വസ്ഥനാക്കിയിരുന്നു; ശുഭ്രയുമായുള്ള പ്രണയം പറഞ്ഞ് അനുരാഗ് കശ്യപ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്
ശുഭ്ര ഷെട്ടിയും അനുരാഗ് കശ്യപും|Photo:Janice Sequeira,YouTube
ശുഭ്ര ഷെട്ടിയും അനുരാഗ് കശ്യപും|Photo:Janice Sequeira,YouTube

ബോളിവുഡിലെ പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപ് തന്റെ സിനിമകൾ കൊണ്ടും നിലപാടുകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ ഇടംനേടാറുള്ള വ്യക്തിയാണ്. സിനിമകൾക്ക് പുറമെ വ്യക്തിജീവിതത്തെക്കുറിച്ചും തുറന്നുപറയാൻ അദ്ദേഹം മടിക്കാറില്ല. ഇപ്പോൾ തന്നേക്കാൾ 20 വയസ്സ് കുറവുള്ള ശുഭ്ര ഷെട്ടിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചും, അതിലുണ്ടായ ആശങ്കകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.

അടുത്തിടെ ജാനിസ് സെക്വേറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്റെ മനസ്സിലെ അരക്ഷിതാവസ്ഥകളെക്കുറിച്ച് തുറന്നുപറഞ്ഞത്. ശുഭ്രയുമായുള്ള 

20 വയസ്സിന്റെ പ്രായവ്യത്യാസം കാരണം ആളുകൾ ബന്ധത്തെ എങ്ങനെ കാണും എന്നോർത്ത് തുടക്കത്തിൽ തനിക്ക് വലിയ ഭയവും മടിയുമുണ്ടായിരുന്നതായി അനുരാഗ് വെളിപ്പെടുത്തി.

“തുടക്കത്തിൽ എനിക്ക് വലിയ അപകർഷതാബോധമുണ്ടായിരുന്നു. ആളുകൾ ഞങ്ങളെപ്പറ്റി എന്തും പറയുന്ന അന്തരീക്ഷം. ശുഭ്രയ്ക്ക് എപ്പോഴും പ്രായം കുറഞ്ഞുതന്നെ തോന്നും, എന്നാൽ എനിക്ക് പ്രായമായിക്കൊണ്ടിരുന്നു. അവൾ വിശാലമായ ലോകം കാണണമെന്നും കരിയർ ആസ്വദിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ അവളെ എന്നിൽ നിന്ന് അകറ്റാനും ബന്ധത്തിൽ നിന്ന് പിന്തിരിയാനും ഞാൻ ശ്രമിച്ചിരുന്നു.”; അനുരാഗ് കശ്യപ് പറയുന്നു.

വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും തങ്ങളെ പരസ്പരം അടുപ്പിച്ചത് പൊതുവായ അഭിരുചികളാണെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

പുസ്തകങ്ങളും സിനിമകളും സിനിമാ ഫെസ്റ്റിവലുകളുമാണ് തങ്ങളെ തമ്മിൽ ബന്ധിപ്പിച്ചത്. തന്നേക്കാൾ കൂടുതൽ ചലച്ചിത്രമേളകളിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന വ്യക്തിയാണ് ശുഭ്രയെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് ലോക്ക്ഡൗൺ കാലത്താണ് ശുഭ്ര തന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അനുരാഗ് തിരിച്ചറിയുന്നത്. ആ സമയത്താണ് ബന്ധം കൂടുതൽ ദൃഢമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുരാഗുമായുള്ള ബന്ധത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കൾ എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച് ശുഭ്ര ഷെട്ടി ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.'ഞാൻ ഒരു രക്ഷിതാവാണെങ്കിൽ, 20 വയസ്സുള്ള എന്റെ മകൾ രണ്ട് തവണ വിവാഹമോചനം നേടിയ, ഒരു കുട്ടിയുള്ള, 40-ന് മുകളിൽ പ്രായമുള്ള ഒരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞാൽ ഭയപ്പെടും. ആ സമയത്ത് എന്റെ മാതാപിതാക്കൾ കാര്യങ്ങൾ വളരെ പക്വതയോടെയാണ് കൈകാര്യം ചെയ്തത്. അനുരാഗ് എന്റെ അമ്മയുടെ നല്ലൊരു സുഹൃത്താണ്. അമ്മയേക്കാൾ വെറും ഏഴെട്ട് വയസ്സിന്റെ കുറവ് മാത്രമേ അനുരാഗിനുള്ളൂവെന്നും അവർ പറഞ്ഞു.

ആദ്യകാലങ്ങളിൽ മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ രഹസ്യമായി സൂക്ഷിച്ച ബന്ധമായിരുന്നു ഇവരുടേത്. 11 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിന് ശേഷം, മുംബൈയുടെ തിരക്കുകളിൽ നിന്നും മാറി ഇരുവരും ഇപ്പോൾ ബെംഗളൂരുവിലാണ് താമസം ആക്കിയിരിക്കുന്നത്.

2005-ൽ ചിത്രീകരിച്ച 'നിഷാഞ്ചി' എന്ന സിനിമയുടെ സെറ്റിൽ ശുഭ്ര ഒപ്പമുണ്ടായിരുന്ന കാലത്താണ്, ശുഭ്ര തന്നെയാണ് തന്റെ ജീവിതപങ്കാളി എന്ന് താൻ തിരിച്ചറിഞ്ഞതെന്ന് അനുരാഗ് പറയുന്നു. ആ തിരിച്ചറിവിലേക്ക് എത്താൻ നീണ്ട വർഷങ്ങൾ വേണ്ടിവന്നുവെങ്കിലും, മുംബൈയിൽ നിന്ന് മാറിയതോടെ ശാന്തമായ ജീവിതം നയിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Anurag Kashyap admitted initial insecurities regarding the 20-year age gap with Shubhra Shetty., He tried to push her away initially to let her focus on her career and youth., Shared interests in books, films, and film festivals brought them closer., The couple now lives in Bengaluru after 11 years together.