തെറ്റുകൾ തിരിച്ചറിയാനുള്ള പക്വത കൈവരിച്ചു, മുൻഭാര്യമാരുമായി നല്ല ബന്ധം തുടരുന്നു- അനുരാഗ് കശ്യപ്

വിവാഹബന്ധം വേർപിരിഞ്ഞാലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ നിരവധിയുണ്ടിന്ന്. ബോളിവുഡ് താരം ഹൃതിക് റോഷനും മുൻ ഭാര്യ സൂസെയ്ൻ ഖാനും നടൻ ആശിഷ് വിദ്യാർഥിയും മുൻഭാര്യ രജോഷിയുമൊക്കെ അത്തരത്തിൽ മാതൃകാപരമായ ബന്ധം കാക്കുന്നവരാണ്. മുൻഭാര്യമാരായ ആർതി ബജാജ്, കൽകി കൊച്ലിൻ എന്നിവരുമായി ഇന്നും അടുത്ത ബന്ധം തുടരുന്നയാളാണ് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ്. ഇപ്പോഴിതാ അതേക്കുറിച്ച് തുറന്നുപറയുകയാണ് അനുരാഗ്.
വിവാഹന്ധം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇരുവരുമായും സൗഹൃദം തുടരുന്നുണ്ട് എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. ഭൂതകാലത്തിലെ തെറ്റുകൾ തിരിച്ചറിഞ്ഞ് പക്വമായി കാര്യങ്ങളെ സമീപിക്കാനും സത്യസന്ധമായ സംഭാഷണം തുടരാനും മൂവർക്കും കഴിയുന്നുണ്ടെന്നു പറയുകയാണ് അനുരാഗ്.
ഞങ്ങൾ ചെറുപ്പമായിരുന്നപ്പോൾ തെറ്റുകൾ ചെയ്തിട്ടുണ്ട്. ഇന്ന് ആ തെറ്റുകൾ ഉൾക്കൊള്ളാനും അതേക്കുറിച്ചു തുറന്നുസംസാരിക്കാനും പക്വത കൈവരിച്ചിട്ടുണ്ട്. ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കളാണ്. ആർതി ഇപ്പോഴും തന്റെ വർക്കുകൾ എഡിറ്റ് ചെയ്യാറുണ്ട്. അവർക്ക് എപ്പോൾ വേണമെങ്കിലും ദേഷ്യം തോന്നാം. പക്ഷേ എല്ലാത്തിലുമുപരി തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നതാണ് പ്രധാനം- അനുരാഗ് പറയുന്നു.
കൽക്കിയുമായും സമാനമായ ബന്ധമാണെന്നും അനുരാഗ് പറയുന്നു. താനും കൽക്കിയും പക്വത കൈവരിക്കാത്ത, അന്ധമായി ചിന്തിച്ചിരുന്ന പ്രായമായിരുന്നു. പക്ഷേ പിന്നീട് പക്വത കൈവരിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഇപ്പോഴും സത്യസന്ധതയോടെ പരസ്പരം സംസാരിക്കുന്നു. അന്നത്തെ വിദ്വേഷം നീണ്ടുനിൽക്കുന്നില്ല. സത്യസന്ധതയോടെ പരസ്പരം സംസാരിക്കാത്ത ദമ്പതിമാർക്കിടയിൽ മാത്രമേ ആ വിദ്വേഷം നീണ്ടുനിൽക്കുകയുള്ളു.- അനുരാഗ്.
അടുത്തിടെ കൽക്കിയും അനുരാഗുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾക്കിപ്പുറം താനും അനുരാഗും പരസ്പരം ആശ്വാസം കണ്ടെത്തുന്ന ഘട്ടത്തിലെത്തി എന്നാണ് കൽക്കി പറഞ്ഞത്. അനുരാഗുമായി വളരെ നല്ല ബന്ധമാണ് തുടരുന്നത്. ഇന്ന് ഇരുവർക്കുമിടയിൽ സമാധാനത്തിന് സ്ഥാനമുണ്ടെന്നും കൽക്കി പറഞ്ഞു.
കുറച്ചുനാൾ മുമ്പ് ആർതിയ്ക്കും കൽക്കിക്കുമൊപ്പമുള്ള ചിത്രവും അനുരാഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിൽ മാധ്യമപ്രവർത്തകർക്കായി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആർതിയും കൽക്കിയും. തന്റെ രണ്ട് തൂണുകൾ എന്നാണ് ചിത്രത്തിന് സംവിധായകൻ നൽകിയ തലക്കെട്ട്.
ഫിലിം എഡിറ്ററായ ആർതി ബജാജിനെയാണ് അനുരാഗ് കശ്യപ് ആദ്യം വിവാഹം കഴിക്കുന്നത്. ഇരുവർക്കും ആലിയ കശ്യപ് എന്നൊരു മകളുമുണ്ട്. 2003 മുതൽ 2009 വരെയാണ് അനുരാഗിന്റെയും ആർതിയുടേയും ദാമ്പത്യബന്ധം നീണ്ടുനിന്നത്. 2009-ൽ അനുരാഗ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിലൂടെയാണ് കൽക്കി ബോളിവുഡിൽ അരങ്ങേറുന്നത്. 2011-ലായിരുന്നു ഇവർ വിവാഹിതരായത്. 2013 മുതൽ അകന്നുകഴിഞ്ഞിരുന്ന ഇരുവരും 2015-ലാണ് നിയമപരമായി വിവാഹബന്ധം വേർപെടുത്തിയത്.
Content Highlights: Anurag Kashyap says he is friends with ex-wives Kalki Koechlin and Aarti Bajaj