മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലെന്ന് അനുരാഗ് കശ്യപ് പറഞ്ഞു, 'മഹാരാജ'യിലൂടെ വിജയ് സേതുപതി സഹായിച്ചു

കഴിഞ്ഞ ഡിസംബറിലായിരുന്നു സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപിന്റെ വിവാഹം. അമേരിക്കന്‍ സംരഭകനായ ഷെയ്ന്‍ ഗ്രെഗോയറിനെയാണ് ആലിയ വിവാഹം ചെയ്തത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ മകളുടെ വിവാഹച്ചലവിനായുള്ള പണം കണ്ടെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അനുരാഗ് കശ്യപ്. അടുത്ത വര്‍ഷം മകളുടെ വിവാഹമാണെന്നും അതിന്റെ ചെലവ് തനിക്ക് താങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നടന്‍ വിജയ് സേതുപതിയോട് പറഞ്ഞിരുന്നുവെന്നും സഹായിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും അങ്ങനെയാണ് മഹാരാജ എന്ന സിനിമയില്‍ അഭിനയിച്ചതെന്നും അനുരാഗ് വ്യക്തമാക്കി.
രാഹുല്‍ ഭട്ടും സണ്ണി ലിയോണും അഭിനയിച്ച കെന്നഡി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയിലാണ് അനുരാഗ് കശ്യപ്, വിജയ് സേതുപതിയെ യാദൃശ്ചികമായി കണ്ടുമുട്ടിയത്. 'ഇമൈക്ക നൊടികള്‍ക്ക് ശേഷം ഞാന്‍ ഒരുപാട് ദക്ഷിണേന്ത്യന്‍ സിനിമകള്‍ നിരസിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. പിന്നീട്, കെന്നഡിയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ സമയത്ത് ഞാന്‍ വിജയ് സേതുപതിയെ തുടര്‍ച്ചയായി കണ്ടുമുട്ടി. അദ്ദേഹം നല്ലൊരു കഥയുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അത് ആദ്യം നിരസിച്ചു. പിന്നീടാണ് മകളുടെ വിവാഹക്കാര്യം പറയുന്നത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു..'അടുത്ത വര്‍ഷം എന്റെ മകളുടെ വിവാഹമാണ്. അതിന്റെ ചെലവ് എനിക്ക് താങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല.' അപ്പോള്‍ വിജയ് പറഞ്ഞു, 'ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.' അങ്ങനെയാണ് മഹാരാജ സംഭവിച്ചത്'- അനുരാഗ് വെളിപ്പെടുത്തി.
മുംബൈയില്‍ നടന്ന ആലിയയുടെ വിവാഹത്തില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പങ്കെടുത്തിരുന്നു. നാഗചൈതന്യ, ശോഭിത ധൂലിപാല, അഭിഷേക് ബച്ചന്‍, അഗസ്ത്യ നന്ദ, സുഹാന ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി ഡിയോള്‍ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി.
Content Highlights: anurag kashyap said to vijay sethupathi that he couldn't afford daughter aaliyahs wedding