ജാതിമാറി വിവാഹം ചെയ്തതിന് വീട്ടുകാരുടെ പീഡനം, ഭാര്യ ഉപേക്ഷിച്ചു; ആത്മഹത്യ ഭീഷണിയുമായി ബിഗ്ബോസ് താരം

#ലൈഫ്സ്റ്റൈൽ ഡെസ്ക്
Anurag Dobhal | Photo: The UK07 Rider
Anurag Dobhal | Photo: The UK07 Rider

ജാതി മാറി വിവാഹം ചെയ്തതിന്റെ പേരിൽ ബന്ധുക്കളിൽനിന്ന് കടുത്ത പീഡനം നേരിടുന്നതായി വെളിപ്പെടുത്തി യുട്യൂബറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ. അവസാന വീഡിയോ എന്ന കുറിപ്പോടെ ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിലാണ് അനുരാഗ് തന്റെ അവസ്ഥ വെളിപ്പെടുത്തിയത്.

UK07 Rider എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അനുരാഗ് സംസാരിക്കുന്നത്. "കഴിഞ്ഞ കുറച്ചു മാസങ്ങളായി എന്റെ ജീവിതം അടിമുടി മാറി; ജീവിതം എന്നെ ഇങ്ങനെ താഴേക്ക് തള്ളിയിടുമെന്നും എന്നെ തകർക്കുമെന്നും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല" - അനുരാഗ് പറയുന്നു.

ഭാര്യ ഋതിക തന്നെ ഉപേക്ഷിച്ചുപോയെന്നും താൻ ആത്മഹത്യയെക്കുറിച്ച് ആലോചിക്കുകയാണെന്നും അനുരാഗ് ദോഭാൽ പറഞ്ഞു. "എന്റെ മരണത്തിന് ഉത്തരവാദികൾ മമ്മി, പപ്പ, കലാം (സഹോദരൻ), ശ്രേയ എന്നിവരാണ്. എനിക്ക് ഇനി ഒന്നും ചെയ്യാനില്ല. ഞാൻ കടുത്ത വിഷാദത്തിലാണ്. ഈ തോന്നൽ എങ്ങനെ ഇല്ലാതാക്കണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല" - അനുരാഗ് പറഞ്ഞു.

"അവരാണ് എന്റെ മരണത്തിന് ഉത്തരവാദികൾ, ചിലപ്പോൾ ഈ വീഡിയോയ്ക്ക് ശേഷം ഞാൻ അപ്രത്യക്ഷമായേക്കും. എനിക്ക് ഒന്ന് ഉറങ്ങണം. അഞ്ച് ദിവസമായി ഞാൻ എന്തെങ്കിലും കഴിച്ചിട്ട്; എന്റെ മനസ്സ് പൂർണമായും തളർന്നിരിക്കുന്നു."

ജാതിമാറിയുള്ള വിവാഹമായതിനാൽ ഋതികയുമായുള്ള തന്റെ വിവാഹത്തിന് മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ലെന്നും തങ്ങളെ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്നും അനുരാഗ് ആരോപിക്കുന്നു. വിവാഹത്തിന് ആറ് ദിവസം മാത്രമുള്ളപ്പോൾ വിവാഹചടങ്ങുകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ അവർ പറഞ്ഞു.

അവർക്ക് മുമ്പിൽ കൈകൂപ്പേണ്ടി വന്നു, കാലു പിടിക്കേണ്ടി വന്നു. എല്ലാ ബന്ധുക്കളുടെയും മുന്നിൽവെച്ച് നിർബന്ധപൂർവം മാപ്പുപറയിപ്പിച്ചു. "ഞങ്ങൾ സന്തോഷിക്കില്ല, നിന്നെ സന്തോഷിക്കാൻ സമ്മതിക്കുകയുമില്ല" എന്ന് പറയുന്നിടം വരെ അച്ഛനും അമ്മയും എന്നെ പീഡിപ്പിച്ചു - അനുരാഗ് പറയുന്നു.

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് അനുരാഗും ഋതികയും വിവാഹിതരാവുന്നത്. രണ്ട് വർഷത്തോളം ഋതിക ഒരു ആരാധികയെന്ന നിലയിൽ അനുരാഗിന് നിരന്തരം സന്ദേശങ്ങൾ അയക്കുമായിരുന്നു. ഒരിക്കൽ അനുരാഗ് മറുപടി നൽകാൻ തയ്യാറായി. വീട്ടുകാരുടെ സമ്മതമില്ലാതെ കഴിഞ്ഞ മേയിലാണ് ഇരുവരും വിവാഹിതരായത്. സെപ്റ്റംബറിൽ ഋതിക ഗർഭിണിയാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ ബന്ധത്തിൽ എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Bigg Boss 17 fame Anurag Dobhal (UK07 Rider) has released a distressing video alleging severe mental torture and abandonment by his family and wife due to his inter-caste marriage, claiming he is contemplating suicide.