'അന്ന് ഓഡിഷനില്‍ പത്ത് പേരെ ചുംബിക്കേണ്ടിവന്നു'; ഹോളിവുഡ് നടി പറയുന്നു

ആന്‍ ഹാതവേ | Photo: instagram/ anne hathaway
ആന്‍ ഹാതവേ | Photo: instagram/ anne hathaway

ഡിസ്‌നിയുടെ ദ പ്രിന്‍സസ് ഡയറീസിലെ മിയ തെര്‍മോപോളിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആന്‍ ഹാതവേ ശ്രദ്ധിക്കപ്പെട്ടത്. 2008-ല്‍ പുറത്തിറങ്ങിയ റേച്ചല്‍ ഗെറ്റിങ് മാരീഡ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കര്‍ നാമനിര്‍ദേശവും ലഭിച്ചു. ഹോളിവുഡില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയ ആന്‍ അടുത്തിടെ തന്റെ ആദ്യ ഓഡിഷനെ കുറിച്ച് മനസ് തുറന്നിരുന്നു. 

അന്ന് പത്ത് ആളുകളെ ചുംബിക്കാന്‍ തന്നോട് പറഞ്ഞുവെന്നും സിനിമയിലെ 'കെമിസ്ട്രി' പരീക്ഷിക്കാനായിരുന്നു ഇതെന്നും ആന്‍ വെളിപ്പെടുത്തിയിരുന്നു. വി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

'2000-ത്തിന്റെ തുടക്കത്തിലായിരുന്നു എന്റെ ആദ്യ ഓഡിഷന്‍. നായകനും നായികയും തമ്മിലുള്ള 'കെമിസ്ട്രി' പരീക്ഷിക്കുന്നത് ഓഡിഷനില്‍ സാധാരണ കാര്യമാണ്. എന്നാല്‍ പത്ത് പേരുമായി 'കെമിസ്ട്രി' പരീക്ഷിക്കണം എന്നാണ് എന്നോട് പറഞ്ഞത്. ഇതുകേട്ട് നിങ്ങള്‍ക്ക് ആവേശം തോന്നുന്നില്ലേ എന്നും അവര്‍ ചോദിച്ചു. പക്ഷേ എനിക്കൊരു ആവേശവും ഇല്ലായിരുന്നു. ഇനി എന്റെ ഭാഗത്തുള്ള എന്തെങ്കിലും പ്രശ്‌നം കാരണമാണോ ഒന്നും തോന്നാത്തത് എന്നുവരെ ഞാന്‍ ചിന്തിച്ചു. 

ഞാന്‍ അന്ന് എന്റെ കരിയറിന്റെ തുടക്ക കാലത്താണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. അന്ന് ഞാന്‍ എനിക്ക് ആവേശം തോന്നുന്നതുപോലെ അഭിനയിച്ചു.' ആന്‍ അഭിമുഖത്തില്‍ പറയുന്നു. 

Content Highlights: anne hathaway recalls her first audition experiance