'എന്തിനാണ് എപ്പോഴും ജോലിയെ കുറ്റം പറയുന്നത്, കഴിവുണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ കുരുങ്ങിക്കിടക്കില്ല'

യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ anmol
യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ anmol

കോർപറേറ്റ് ജോലിയെ കുറിച്ച് നിരന്തരം പരാതി പറയുന്നവരെ വിമർശിച്ച് വീഡിയോ പങ്കുവെച്ച് യുവാവ്. ഈ ജോലി നിങ്ങളുടെ തിരഞ്ഞെടുപ്പാണെന്നും നിരന്തരം കുറ്റം പറയുന്നതിന് പകരം മറ്റൊരു ജോലിയിലേക്ക് മാറുകയാണ് വേണ്ടതെന്നും യുവാവ് പറയുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള ഇൻഫ്‌ളുവൻസറായ അൻമോലാണ് ഈ വീഡിയോ പങ്കുവെച്ചത്.

'ഇത് നമ്മുടെ തിരഞ്ഞെടുപ്പാണ്. നിരന്തരം കുറ്റം പറയുന്നത് നിർത്തി അത് മനസിലാക്കൂ. എനിക്ക് പറയാനുള്ളത് കേട്ടാൽ പലരും എന്നെ അപമാനിച്ചേക്കാം. എനിക്ക് അതിൽ ഒരു നാണക്കേടുമില്ല. കാരണം ആരും പറയാത്ത സത്യമാണ് ഞാൻ പറയുന്നത്.'-അൻമോൽ വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

'നിങ്ങൾ കോർപറേറ്റ് ജോലിയെ കുറിച്ച് പരാതിപ്പെടുന്നതും അതിനെ കുറിച്ച് എപ്പോഴും സങ്കടം പറയുന്നതും നിർത്തൂ. നിങ്ങൾ അത്രയധികം കഠിനധ്വാനിയും കഴിവുമുള്ള വ്യക്തിയാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ ഇവിടെത്തന്നെ കുരുങ്ങിക്കിടക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങളുടെ ഇഷ്ടങ്ങളെ ഒരു തൊഴിലായി മാറ്റാതിരിക്കുന്നത്. എന്തുകൊണ്ടാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാതിരുന്നത്? എന്തുകൊണ്ടാണ് ഒരു സംരംഭകനാവാതിരുന്നത്?'- യുവാവ് വീഡിയോയിൽ ചോദിക്കുന്നു.

'നിങ്ങൾ ഒരു ശരാശരിക്കാരനാണ് എന്നതാണ് ഈ കുരുങ്ങിക്കിടക്കുന്നതിന് കാരണം. എല്ലാവർക്കും സച്ചിൻ തെണ്ടുൽക്കറോ വിരാട് കോലിയോ ആകാൻ കഴിയില്ല. ഒരുപാട് ആളുകൾ സാധാരണക്കാരായി ജീവിക്കുന്നു. അതിൽ യാതൊരു തെറ്റുമില്ല.'-അൻമോൽ കൂട്ടിച്ചേർത്തു.

'ഞാൻ മോശം വർക്ക് ലൈഫ് ബാലൻസിനെ പ്രോത്സാഹിപ്പിക്കുകയല്ല. നിങ്ങളുടെ ജോലി ടോക്‌സിക്കാണെങ്കിൽ അത് ഉപേക്ഷിക്കണം. എന്നാൽ ജോലി അത്ര മോശമല്ലെങ്കിൽ പരാതി പറയുന്നത് നിർത്തി അത് ആസ്വദിക്കണം. നിങ്ങളുടെ ജീവിതം തന്നെ മാറും. ദിവസവും എട്ട് മണിക്കൂർ ചെയ്യുന്ന ഒരു ജോലിയെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടുകൊണ്ടിരുന്നാൽ ഒരിക്കലും സന്തോഷമായിരിക്കാൻ കഴിയില്ല. സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്.'-യുവാവ് പറയുന്നു.