'അയോധ്യയിൽ ഭൂമിക്കായി അമിതാഭ് ബച്ചൻ വിളിച്ചത് പുലർച്ചെ 3 മണിക്ക്, അടുത്തദിവസം 15 കോടി രൂപ തന്നു'

#Lifestyle Desk
അമിതാഭ് ബച്ചൻ | Photo: ANI
അമിതാഭ് ബച്ചൻ | Photo: ANI

യോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നത് 2024 ജനുവരിയിലായിരുന്നു. ഏതാണ്ട് അതേസമയത്ത് തന്നെയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ അയോധ്യയിൽ ഭൂമി വാങ്ങിയതും. രാമക്ഷേത്ര പരിസരത്ത് ഭൂമി വാങ്ങിയ ആദ്യവ്യക്തികളിൽ ഒരാളാണ് അമിതാഭ്. പതിനായിരം ചതുരശ്ര അടി സ്ഥലമാണ് അന്ന് ബച്ചൻ വാങ്ങിയത്.

മുംബൈ ആസ്ഥാനമായ ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ എന്ന റിയൽ എസ്‌റ്റേറ്റ് കമ്പനിയിൽ നിന്നാണ് താരം സ്ഥലം വാങ്ങിയത്. ഇപ്പോഴിതാ അമിതാഭ് ബച്ചനുമായി അന്ന് നടത്തിയ ഇടപാടിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് കമ്പനിയുടെ സിഎംഡി അഭിനന്ദൻ ലോധ. അമിതാഭ് ബച്ചൻ തന്നെ നേരിട്ട് വിളിച്ചാണ് അയോധ്യയിലെ സ്ഥലത്തിന്റെ കാര്യം സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന്റെ ഇന്ത്യാ നെക്സ്റ്റ് റിയൽ എസ്റ്റേറ്റ് സമ്മിറ്റ് 2026 വേദിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. താൻ ഓസ്‌ട്രേലിയയിലുള്ള സമയത്ത്, പുലർച്ചെ മൂന്ന് മണിക്കാണ് അമിതാഭ് ബച്ചന്റെ കോൾ വന്നതെന്നും ലോധ പറയുന്നു.

Also Read: സെന്റിന് 13.1 ലക്ഷം രൂപ; 35 കോടിക്ക് അയോധ്യയിൽ 2.67 ഏക്കർ ഭൂമി വാങ്ങി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ

'എന്റെ ഫോണിൽ രണ്ട് മിസ്ഡ് കോളും ഒരു മെസേജുമുണ്ടായിരുന്നു. 'ഇത് അമിതാഭ് ബച്ചനാണ്. സൗകര്യപ്രദമായ സമയത്ത് ദയവായി തിരിച്ച് വിളിക്കൂ' എന്നായിരുന്നു മെസേജ്. ഞാൻ അക്ഷരാർഥത്തിൽ എഴുന്നേറ്റ് നിന്നുപോയി. ഉടൻ ഞാൻ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു, 'അഭിനന്ദൻ ജീ, ഞാൻ ഉത്തർപ്രദേശിൽ നിന്നുള്ളയാളാണ്. എനിക്ക് പുണ്യനഗരമായ അയോധ്യയിൽ ഭൂമി വാങ്ങണം.' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങൾക്കുവേണ്ടി ഞങ്ങൾ അത് ചെയ്യാം എന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുകൊടുത്തു.' -ലോധ പറഞ്ഞു.

'അദ്ദേഹം ആദ്യം വിലയെ കുറിച്ചാണ് ചോദിച്ചത്. 'ഞാൻ എങ്ങനെ നിങ്ങളോട് വിലയെ കുറിച്ച് സംസാരിക്കും' എന്നായിരുന്നു എന്റെ മറുപടി. തനിക്ക് 15,000 ചതുരശ്ര അടി ഭൂമിയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 15 കോടി രൂപ വില വരുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അടുത്ത ദിവസം തന്നെ അദ്ദേഹം 15 കോടി രൂപ എനിക്ക് അയച്ചുതന്നു.' -അഭിനന്ദൻ ലോധ തുടർന്നു.

ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ 75 ഏക്കറിൽ ഒരുങ്ങുന്ന അത്യാഡംബര റിയൽ എസ്റ്റേറ്റ് പദ്ധതിയായ ദി സരയുവിന് സമീപമാണ് അമിതാഭ് ബച്ചൻ വാങ്ങിയ ഭൂമി സ്ഥിതി ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള എ.ബി കോർപ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ രാജേഷ് യാദവുമായായിരുന്നു ഇടപാടുകൾ. ഇന്ത്യയിലെ ആദ്യ സ്പിരിച്വൽ റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Content Highlights: Abhinandan Lodha revealed that Bollywood star Amitabh Bachchan called him at 3 AM from Australia to purchase land in Ayodhya. Bachchan transferred 15 crore rupees the very next day to secure the 10,000 square feet property.