അവസാന ഔദ്യോഗിക പറക്കലില്‍ കോ-പൈലറ്റായി മകളും; ആഘോഷമാക്കി അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റ്

ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിവസം എല്ലാവര്‍ക്കും സന്തോഷവും സങ്കടവും അഭിമാനവും ഒക്കെ നിറഞ്ഞതായിരിക്കും. ആദ്യമായി ജോലിയില്‍ കയറിയ ദിവസം പോലെ തന്നെ അവസാനമായി ജോലി ചെയ്യുന്ന ദിനവും വളരെ സ്‌പെഷ്യലായിരിക്കും. ആ ദിനത്തില്‍ കൂടെ ജോലി ചെയ്യാന്‍ അച്ഛന്റെ ജോലിതന്നെ തിരഞ്ഞെടുത്ത മകളും കൂടെയുണ്ടെങ്കിലോ! തന്റെ 32 വര്‍ഷത്തെ ഔദ്യോഗികജീവിതത്തിന്റെ അവസാന ജോലിദിനം മകള്‍ക്കൊപ്പം ആഘോഷമാക്കുന്ന ഒരച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അമേരിക്കന്‍ എയര്‍ലൈന്‍ പൈലറ്റാണ് കോ-പൈലറ്റായ മകള്‍ക്കും യാത്രക്കാരായി എത്തിയ കുടുംബാംഗങ്ങള്‍ക്കും ഒപ്പം തന്റെ അവസാന ഔദ്യോഗികദിനം ആഘോഷമാക്കിയത്. മിയാമിയിലേക്കുള്ള യാത്ര പുറപ്പെടുംമുമ്പാണ് പൈലറ്റ് യാത്രക്കാരുമായി തന്റെ വിശേഷദിനത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. 'അമേരിക്കന്‍ എയര്‍ലൈന്‍സിലെ എന്റെ അവസാനദിനമാണ് ഇന്ന്, 11853 ദിനങ്ങള്‍. മറ്റൊരു പ്രത്യേകത എന്താണെന്നുവെച്ചാല്‍, ഇന്ന് എന്നോടൊപ്പം ഈ വിമാനം പറത്താന്‍ കോ-പൈലറ്റായി എന്റെ മകളുമുണ്ട്. മകള്‍ക്കൊപ്പം വിമാനം പറത്താനുള്ള ഭാഗ്യവും എനിക്കുണ്ടായി,' പൈലറ്റ് പറയുമ്പോഴേക്കും ചുറ്റും കരഘോഷം മുഴങ്ങുന്നത് വീഡിയോയില്‍ കേള്‍ക്കാം.
'എന്റെ കുടുംബവും സുഹൃത്തുക്കളും ഈ വിമാനത്തില്‍ നിങ്ങളുടെ സഹയാത്രക്കാരായുണ്ട്. അവര്‍ കുറച്ച് കുറുമ്പൊക്കെ കാണിക്കുന്നുണ്ടാവും. പക്ഷേ നമുക്ക് ഇന്നത്തേത് വളരെ മികച്ച ഒരു ദിനമായിരിക്കും. നിങ്ങനെ എത്രയും വേഗം മിയാമിയില്‍ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കാം,' പൈലറ്റിന്റെ ചിരിയിലും സന്തോഷത്തിലും യാത്രക്കാരും വിമാനത്തിലെ മറ്റ് സഹപ്രവര്‍ത്തകരും പങ്കുചേര്‍ന്നു. വിമാനം മിയാമിയില്‍ എത്തിയ ശേഷവും ആഘോഷങ്ങള്‍ തുടര്‍ന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൈകള്‍ മുകളിലേക്കുയര്‍ത്തി കുടപോലെ വിരിച്ച് വരിയായി നിന്നാണ് പൈലറ്റിനെ പുറത്തേക്ക് ആനയിച്ചത്.
ഏവിയേഷന്‍ ഫോര്‍ ഏവിയേറ്റേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊച്ചുമകനേയും കുടുംബാംഗങ്ങളേയും വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് കൊണ്ടുപോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്നതെല്ലാം വീഡിയോയില്‍ കാണാം. എന്തായാലും പൈലറ്റിന്റെയും കുടുംബത്തിന്റെയും ആഘോഷത്തില്‍ മനസാ പങ്കുചേര്‍ന്നുകൊണ്ട് വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അച്ഛന്റെ വഴിതന്നെ തിരഞ്ഞെടുത്ത മകളെയും, മകളെ സ്വാധീനിച്ച അച്ഛനെയും, ഒടുവില്‍ അവര്‍ക്ക് ഒരുമിച്ച് ജോലി ചെയ്യാന്‍ ലഭിച്ച ഭാഗ്യത്തേയുമൊക്കെ പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്.
Content Highlights: american airlines pilot last flight with co pilot daughter heartwarming sendoff