2 വർഷത്തെ പ്രണയസാഫല്യം, അതിഥിയായി തെലങ്കാന മുഖ്യമന്ത്രി; അല്ലു സിരീഷും നയനിക റെഡ്ഡിയും വിവാഹിതരായി

അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷ് വിവാഹിതനായി. നയനിക റെഡ്ഡിയാണ് വധു. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടൻമാരായ ചിരഞ്ജീവി, നാഗേന്ദ്ര ബാബു, പവൻ കല്ല്യാൺ, വെങ്കടേഷ്, സൂര്യ, രാം ചരൺ, വരുൺ തേജ് തുടങ്ങിയവർ ചടങ്ങിനെത്തി.
അല്ലു അർജുനും ചിരഞ്ജീവിയും അടുത്ത ബന്ധുക്കൾ കൂടിയാണ്. ചിരഞ്ജീവിയുടെ ഭാര്യ സുരേഖ കൊനിഡേലയുടെ സഹോദരനാണ് നിർമാതാവും അല്ലു അർജുന്റെ പിതാവുമായ അല്ലു അരവിന്ദ്. സംവിധായകൻ ലോകേഷ് കനകരാജ്, നടി റാഷി ഖന്ന, വരുൺ തേജിന്റെ ഭാര്യയും നടിയുമായ ലാവണ്യ ത്രിപഠി, നടിയും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നിഹാരിക കൊനിഡേല എന്നിവരും ചടങ്ങിനെത്തി.
പരമ്പരാഗത ഓഫ് വൈറ്റ് സിൽക്ക് കുർത്തയായിരുന്നു അല്ലു സിരിഷിന്റെ ഔട്ട്ഫിറ്റ്, ഇതിൽ സ്വർണ നിറത്തിലുള്ള എംബ്രോയ്ഡറിയുണ്ടായിരുന്നു. ഇതിനൊപ്പം ലെയേർഡ് മാലയും ധരിച്ചു. പേസ്റ്റൽ ലാവൻഡർ നിറത്തിലുള്ള കാഞ്ചീപുരം സാരിയായിരുന്നു നയനികയുടെ വിവാഹവേഷം. ഗോൾഡൻ, സിൽവർ നിറത്തിലുള്ള എംബ്രോയ്ഡറി വർക്ക് സാരിയെ കൂടുതൽ വ്യത്യസ്തമാക്കി. ഡയമണ്ട്, റൂബി ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞത്.
ദുബായിൽ നടന്ന പാർട്ടിയോടെയാണ് വിവാഹാഘോഷത്തിന് തുടക്കം കുറിച്ചത്. ജനുവരി അവസാനമാണ് ദുബായിലെ സ്വകാര്യ കപ്പലിൽ പാർട്ടി നടന്നത്. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളാണ് പാർട്ടിയിൽ പങ്കെടുത്തത്. സഹോദരൻ അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും പാർട്ടിക്ക് എത്തിയിരുന്നു. പിന്നാലെ അല്ലു അർജുനും സ്‌നേഹയും ഇരുവർക്കും ഹൈദരാബാദിൽ കോക്ക്‌ടെയ്ൽ പാർട്ടി ഒരുക്കി. രാം ചരണും ഭാര്യ ഉപാസനയും ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ പങ്കെടുത്തു.
ഇതിന് പിന്നാലെ അല്ലു സിരീഷിന്റെ വീട്ടിൽ തെലുങ്ക് വിവാഹത്തിലെ പ്രധാന ചടങ്ങായ പെള്ളി കൊടുകു നടന്നു. വരനെ മഞ്ഞളും ചന്ദനവും ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ഈ ചടങ്ങ്. നവദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പിന്നാലെ ഹൈദരാബാദിൽ പ്രീ വെഡ്ഡിങ് പാർട്ടിയും ഒരുക്കി. മലയാളി താരം ബേസിൽ ജോസഫ് ഈ പാർട്ടിക്കെത്തിയിരുന്നു. നാഗാർജുന അക്കിനേനി, റാണ ദഗ്ഗുബട്ടി, നാനി, രവി തേജ, നന്ദമൂരി ബാലകൃഷ്ണ, അറ്റ്ലീ, സന്ദീപ് റെഡ്ഡി വാങ്ക തുടങ്ങിയവർ പാർട്ടിക്കെത്തി.
2023 നവംബറിൽ നടന്ന വരുൺ തേജിന്റേയും ലാവണ്യ ത്രിപഠിയുടേയും വിവാഹത്തിനിടെയാണ് അല്ലു സിരീഷും നയനികയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇതിനുശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും പിന്നീട് സൗഹൃദം പ്രണമായി മാറുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അല്ലു സിരീഷിന്റേയും നയനികയുടേയും വിവാഹ നിശ്ചയം.
Content Highlights: allu arjuns brother allu sirishs wedding ceremony held in hyderabad, presence of high profile guests including Chiranjeevi, Ram Charan, and Pawan Kalyan