രണ്ടാനച്ഛനെ കാണാതായ സമയത്ത് സംഗീത നിശയില്‍ പങ്കെടുത്തു; വിവാദങ്ങളില്‍ നിറഞ്ഞ് ബ്രയാന്‍ സാസ്

ഹാമിഷ് ഹാര്‍ഡിങ്ങും ബ്രയാന്‍ സാസും | Photo: facebook/ brian szasz/ AP
ഹാമിഷ് ഹാര്‍ഡിങ്ങും ബ്രയാന്‍ സാസും | Photo: facebook/ brian szasz/ AP

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ പോയ ടൈറ്റന്‍ ജലപേടകത്തിന്റെ യാത്ര ദുരന്തമായി മാറിയപ്പോള്‍ അതിലെ യാത്രക്കാരനായിരുന്ന ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാര്‍ഡിങ്ങിനും ജീവന്‍ നഷ്ടമായിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാനുള്ള ഹാമിഷിന്റെ സാഹസിക യാത്രയാണ് നിമിഷനേരത്തിനുള്ളില്‍ അവസാനിച്ചത്. ഹാമിഷ് ഹാര്‍ഡിങ് ആക്ഷന്‍ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിയുടെ ചെയര്‍മാനായ അദ്ദേഹം ദുബായ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. നമീബിയയില്‍നിന്ന് ഇന്ത്യയിലേക്ക് എട്ട് ചീറ്റകളെ എത്തിച്ച ബോയിങ് വിമാനം ഏര്‍പ്പെടുത്തിയത് ഹാര്‍ഡിങ്ങായിരുന്നു. സാഹസികപര്യടനങ്ങളില്‍ തത്പരനായ അദ്ദേഹത്തിന്റെ പേരില്‍ മൂന്നു ഗിന്നസ് റെക്കോഡുകളുണ്ട്. മരിയാന കിടങ്ങിന്റെ ഏറ്റവും ആഴത്തില്‍ കഴിഞ്ഞതിനുള്‍പ്പെടെയുള്ള റെക്കോഡുകളാണിത്. പലതവണ ദക്ഷിണധ്രുവത്തിലേക്ക് സഞ്ചരിച്ചു. കഴിഞ്ഞവര്‍ഷം ബ്ലൂ ഓറിജന്‍ പേടകത്തില്‍ ബഹിരാകാശത്തും പോയി.

എന്നാല്‍ ഹാമിഷിന്റെ ഈ നേട്ടങ്ങളുടേയെല്ലാം നിറംകെടുത്തുകയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകന്‍ ബ്രയാന്‍ സാസ്. ടൈറ്റന്‍ കാണാതായപ്പോള്‍ ലോകം മുഴുവന്‍ അതിലെ അഞ്ചു ജീവനുകള്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍ സംഗീതനിശ ആസ്വദിക്കുന്ന ചിത്രം ബ്രയാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. 

രണ്ടാനച്ഛനെ ടൈറ്റനില്‍ കാണാതായെന്നും ആകെ തകര്‍ന്നിരിക്കുന്നതിനാല്‍ സംഗീതത്തിലാണ് ആശ്വാസം കണ്ടെത്തുന്നതെന്നും അതിനാല്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കുകയാണ് എന്നുമാണ് പോസ്റ്റ് ചെയ്തത്. ബ്ലിംഗ് 182 എന്ന അമേരിക്കന്‍ റോക്ക് ബാന്‍ഡിന്റെ പരിപാടിയിലാണ് ബ്രയാന്‍ പങ്കെടുത്തത്. ടൈറ്റന്‍ കാണാതായതിന്റെ പിറ്റേ ദിവസമായിരുന്നു ഈ പോസ്റ്റ്. 

ബ്രയാന്‍ സാസ് ഡിലീറ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ഇതിന് പിന്നാലെ ആളുകള്‍ ബ്രയനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. റാപ്പര്‍ കാര്‍ഡി ബി അടക്കമുള്ളവര്‍ ബ്രയാന്റെ പോസ്റ്റിന് മറുപടി നല്‍കി. 'ഒന്നിനുംകൊള്ളാത്ത, പക്വതയില്ലാത്ത ചെറുക്കന്‍' എന്നായിരുന്നു കാര്‍ഡി ബിയുടെ പരിഹാസം. ഇതിന് പിന്നാലെ ബ്രയാന്‍ ട്വീറ്റും ഫെയ്‌സ്ബുക്ക് പോസ്റ്റും പിന്‍വലിച്ചു.

ഇതിന് മുമ്പും ബ്രയാന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 2021-ല്‍ റേവ് കമ്യൂണിറ്റിയിലെ ഒരു യുവതിക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് Excision and Illenium ബാന്‍ഡിന്റെ പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലെത്തി കാഴ്ചക്കാരെ കൂട്ടക്കൊല ചെയ്യുമെന്നും ട്വീറ്റ് ചെയ്തു. ഇതോടെ ബ്രയാന്റെ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്ത ബാന്‍ഡ് ലാസ് വെഗാസിലെ പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവും വിലക്കി. 

ഹാമിഷ് ഹാര്‍ഡിങ് ഭാര്യയ്ക്കും മകനുമൊപ്പം | Photo: instagram/ hamish harding

ഹാമിഷിന്റെ ഭാര്യയായ ലിന്‍ഡയുടെ ആദ്യ ബന്ധത്തിലുള്ള മകനാണ് ബ്രയാന്‍. ലോറന്‍ മരീസ സാസ് എന്നൊരു മകളും ഈ ബന്ധത്തില്‍ ലിന്‍ഡയ്ക്കുണ്ട്. പിന്നീട് ഹാമിഷിനെ വിവാഹം ചെയ്ത ലിന്‍ഡ രണ്ട് കുഞ്ഞുങ്ങള്‍ക്ക് കൂടി ജന്മം നല്‍കി. റോറി, ഗില്‍സ് എന്നിങ്ങനെയാണ് ഹാമിഷുമായുള്ള ബന്ധത്തിലെ മക്കളുടെ പേര്. 

Content Highlights: allegations against hamish hardings stepson surface online