റിയാലിറ്റി ഷോയിൽ എപ്സ്റ്റീൻ ദ്വീപിനെ കുറിച്ച് തമാശ; ചിരിക്കാതെ ആലിയാ ഭട്ട്, കൈയടിച്ച് സോഷ്യൽ മീഡിയ

#Lifestyle Desk
ആലിയാ ഭട്ട് | Photo: PTI
ആലിയാ ഭട്ട് | Photo: PTI

നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ ഇടമായ എപ്സ്റ്റീൻ ദ്വീപിനെ കുറിച്ചുള്ള തമാശയ്ക്ക് ചിരിക്കാതെ ബോളിവുഡ് താരം ആലിയാ ഭട്ട്. ഇന്ത്യാ ഗോട്ട് ലാറ്റന്റ് സീസൺ 2 എന്ന റിയാലിറ്റി ഷോയിലാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ, ബാലപീഡനവുമായി ബന്ധപ്പെട്ട തമാശയ്ക്ക് ചിരിക്കാതിരുന്ന ആലിയയ്ക്ക് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. തെറ്റായ 'തമാശ'യ്‌ക്കെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.

സാമി റെയ്‌ന അവതരിപ്പിക്കുന്ന ഇന്ത്യാ ഗോട്ട് ലാറ്റന്റ് സീസൺ 2-ൽ ആലിയാ ഭട്ടും ഷർവരി വാഗുമായിരുന്നു സെലിബ്രിറ്റി ഗസ്റ്റുകൾ. ഷോയിലെ സ്റ്റാൻഡ് അപ്പ് കോമഡി പ്രകടനത്തിൽ അവിനാഷ് അഗർവാൾ എന്ന കൊമേഡിയൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുകരിച്ചു. ട്രംപ് ബോളിവുഡ് ഗാനം ആലപിച്ചതും യുഎസ്-ഇറാൻ പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചതുമെല്ലാം സദസ്സിനെ വളരെയധികം രസിപ്പിച്ചു.

ഇതിനിടെയാണ് കുപ്രസിദ്ധമായ എപ്സ്റ്റീൻ ദ്വീപിനെ കുറിച്ചുള്ള 'തമാശ' ഉയർന്നത്. ജെഫ്രി എപ്സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളി പതിറ്റാണ്ടുകളോളം കുറ്റകൃത്യങ്ങളുടെ കേന്ദ്രമാക്കി കൊണ്ടുനടന്ന ലിറ്റിൽ സെയ്ന്റ് ജെയിംസ് എന്ന ദ്വീപിനെ കുറിച്ചായിരുന്നു ആ 'തമാശ'. ഇത് കേട്ട് അവതാരകൻ സാമി റെയ്‌ന ഉൾപ്പെടെയുള്ള വേദിയിലും സദസ്സിലുമുള്ള നിരവധി പേർ ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. 'നിങ്ങൾക്ക് എണ്ണ വേണോ? ആ ദ്വീപിലേക്ക് വരൂ സുഹൃത്തേ. അവിടെ ഒരുപാട് എണ്ണയുണ്ട്' -ഇതായിരുന്നു ആ 'തമാശ'.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആലിയാ ഭട്ടിനെ അഭിനന്ദിച്ച് കമന്റുകളിട്ടത്. 'എപ്സ്റ്റീൻ ദ്വീപിനെ കുറിച്ചുള്ള തമാശയ്ക്ക് ആലിയാ ഭട്ട് ചിരിക്കാതിരുന്നത് എനിക്ക് വളരെയധികം ഇഷ്ടമായി' എന്നാണ് ഒരാൾ കുറിച്ചത്. 'എപ്സ്റ്റീൻ തമാശയ്ക്ക് ചിരിക്കാതിരുന്ന, പാനലിലെ ഏക വ്യക്തിയായ ആലിയാ ഭട്ട് ആ നിമിഷം മറ്റുള്ളവരേക്കാൾ സത്യസന്ധത കാണിച്ചു' എന്ന് മറ്റൊരാൾ കുറിച്ചു. അതേസമയം ഷോയുടെ അവതാരകനായ സാമി റെയ്‌നയ്‌ക്കെതിരെ വലിയ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയർന്നു.

Content Highlights: Bollywood actress Alia Bhatt received widespread praise on social media for refusing to laugh at a dark joke about Jeffrey Epstein's island on the reality show 'India's Got Latent Season 2'. While host Samay Raina and the audience laughed at comedian Avinash Agarwal's Donald Trump impersonation joke, Alia maintained a serious posture.