ആലിയ ഭട്ട് കഥകളുണ്ടാക്കുന്ന തിരക്കിലാണ്, റാഹ തീരുമാനിക്കും കഥയുടെ ക്വാളിറ്റി!

ഫോട്ടോ; ഇന്‍സ്റ്റ ഗ്രാം| ആലിയഭട്ട്‌
ഫോട്ടോ; ഇന്‍സ്റ്റ ഗ്രാം| ആലിയഭട്ട്‌

നടിയായും സംരംഭകയായും തിളങ്ങിനില്‍ക്കുന്ന ആലിയ ഭട്ട് തന്റെ തിരക്കേറിയ ഷെഡ്യൂളുകളെല്ലാം മാറ്റിമറിക്കുന്നത് കുഞ്ഞു റാഹയ്ക്കുവേണ്ടി മാത്രം. മാതൃത്വത്തിന്റെ എല്ലാവശങ്ങളെയും ആവേശത്തോടെ ഉള്‍ക്കൊള്ളുകയാണ് ആലിയ. കുഞ്ഞുറാഹയ്‌ക്കൊപ്പമുള്ള ഊഷ്മളമായ നിമിഷങ്ങള്‍ താന്‍ ആസ്വദിക്കുന്നുവെന്ന് താരം പറയുന്നു. അമ്മയെന്ന നിലയില്‍ താനിതുവരെ പഠിക്കാത്ത പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ കുഞ്ഞുമാലാഖയെ രസിപ്പിക്കിനായി നിരന്തരം കഥകള്‍ പാകം ചെയ്യുന്ന സ്റ്റേജിലാണ് താന്‍ ഇപ്പോളെന്നും ആലിയ പറയുന്നു. കുഞ്ഞുറാഹയ്ക്ക് കഥകള്‍ വായിച്ചുകൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് ആലിയ തന്റെ കഥ പറച്ചിലിനെക്കുറിച്ച് വാചാലയായിരിക്കുന്നത്. 

'സ്പില്‍ ദ ബീന്‍' എന്ന ചാറ്റ്‌ഷോയില്‍ വെച്ച് പാരന്റിങ്ങിന്റെ വിവിധ മുഖങ്ങളെക്കുറിച്ച് ആലിയ കുറച്ച് അമ്മമാരുമായി ചര്‍ച്ച ചെയ്തിരുന്നു. സംഭാഷണങ്ങള്‍ക്കിടയില്‍ റാഹയുടെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിച്ച താരം തന്റെ ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനെക്കുറിച്ച് കഥകളുണ്ടാക്കി മകളോട് പറയുമ്പോള്‍ അവള്‍ക്കുണ്ടാവുന്ന സന്തോഷത്തെക്കുറിച്ചും വാചാലയായി. ''റാഹയ്ക്കുവേണ്ടി കഥകളുണ്ടാക്കി പറയുന്ന സ്റ്റേജിലാണ് ഞാനിപ്പോള്‍. കഥ പറഞ്ഞുകൊണ്ടിരിക്കേ അവള്‍ ആവശ്യപ്പെടും, ''മമ്മാ, പപ്പയുടെ കഥ പറയൂ' എന്ന്. അപ്പോള്‍ ഞാന്‍ രണ്‍ബീറിനെക്കുറിച്ചൊരു കഥ മെനയും. പിന്നെയവള്‍ പറയുകയായി, ടാനയുടെ കഥ പറയൂ...' എന്റെ സഹോദരി ഷഹീന്‍ ഭട്ടിനെ ടാന എന്നാണ് റാഹ വിളിക്കുന്നത്.''- ആലിയ ഭട്ട് പറയുന്നു. 

അക്ഷരാര്‍ഥത്തില്‍ താന്‍ കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ക്രിയേറ്റീവായെന്നും ആലിയ ഭട്ട് പറയുന്നു. 'തികച്ചും യാദൃച്ഛികവും മാന്ത്രികവുമായ കഥകള്‍ ഞാന്‍ പറയുമ്പോള്‍ ഉടന്‍ തന്നെ അവള്‍ മറ്റുകഥകളിലേക്ക് നീങ്ങുകയായി. നിങ്ങളുടെ കുഞ്ഞിനുമുമ്പില്‍ ഒരു കഥ പറച്ചിലുകാരിയായി ഇരിക്കുക എന്നത് തീര്‍ത്തും സവിഷേതയുള്ള കാര്യമാണ്'- ആലിയ പറയുന്നു. 

2022 ഏപ്രില്‍ മാസത്തിലാണ് ആലിയഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. നവംബറില്‍ റാഹ പിറന്നു. വരുന്ന നവംബറില്‍ റാഹയ്ക്ക് രണ്ടുവയസ് തികയും.
 

Content Highlights: alia bhatt makes stories for raha about ranbeer kapoor and shaheen bhatt