അഭിഷേകുമായി വഴക്കിട്ടാൽ ആദ്യം സോറി പറയുന്നത് ആരാകും? ഐശ്വര്യാ റായിയുടെ ഉത്തരം ഇങ്ങനെ

ബോളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും. 2007 ഏപ്രിൽ 20-നാണ് ഇരുവരും വിവാഹിതരായത്. ഐശ്വര്യയുടെയും അഭിഷേകിന്റെയും 19-ാം വിവാഹവാർഷികമാണ് തിങ്കളാഴ്ച. തങ്ങളുടെ കുടുംബജീവിതത്തെ കുറിച്ച് രസകരമായ പല കാര്യങ്ങളും പല വേളകളിലായി ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് പരസ്പരമുണ്ടാകുന്ന വഴക്കിനെ കുറിച്ചുള്ള ഐശ്വര്യയുടെ 'വെളിപ്പെടുത്തൽ'.
ദി കപിൽ ശർമാ ഷോയുടെ പഴയൊരു എപ്പിസോഡിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്. അഭിഷേകും ഐശ്വര്യയും തമ്മിൽ വഴക്കിടാറുണ്ടോ എന്ന് ഷോയിൽ കപിൽ ശർമ ഐശ്വര്യയോട് ചോദിച്ചു. തങ്ങൾക്കിടയിൽ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്നായിരുന്നു താരത്തിന്റെ സത്യസന്ധമായ മറുപടി. ഇതിനിടെ ഷോയിലുണ്ടായിരുന്ന നവ്‌ജ്യോത് സിങ് സിദ്ദു രസകരമായൊരു കാര്യം പറഞ്ഞു. വഴക്കുണ്ടായാൽ അഭിഷേകായിരിക്കും ആദ്യം സോറി പറയുക എന്നായിരുന്നു സിദ്ദുവിന്റെ അനുമാനം.
എന്നാൽ, ഉടൻ ഐശ്വര്യ സിദ്ദുവിനെ തിരുത്തി. താനാണ് ആദ്യം സോറി പറയാറ് എന്നാണ് ഐശ്വര്യ പറഞ്ഞത്. വഴക്കുണ്ടായാൽ താൻ ഉടൻ സോറി പറയുകയും അങ്ങനെ ആ വഴക്ക് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് മുൻ ലോകസുന്ദരി വിശദീകരിച്ചു. ഇത് കേട്ട് കപിൽ ശർമ അമ്പരന്നു. 'നിങ്ങൾ മാപ്പ് പറയുമെന്നോ? ഇത്രയ്ക്ക് സുന്ദരിയായ ഭാര്യയാണോ ആദ്യം സോറി പറയുന്നത്? ഇത് ദൈവകോപമാണ്' എന്ന് കപിൽ ശർമ പറഞ്ഞത് എല്ലാവരിലും ചിരിയുണർത്തി.
Content Highlights: On their 19th wedding anniversary, an old clip of Aishwarya Rai Bachchan from The Kapil Sharma Show has resurfaced. When asked who apologizes first after a disagreement, Aishwarya revealed that she is usually the one to say "sorry" first to end the argument quickly. This left host Kapil Sharma stunned, jokingly calling it "divine injustice" that someone as beautiful as her has to apologize.