'സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ?'-കുറിപ്പ് പങ്കുവെച്ച് അഹാന

തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തെ വിമർശിച്ച് നടി അഹാന കൃഷ്ണ. പുരസ്‌കാര ജേതാക്കളായ പുരുഷൻമാരെ ഒന്നാം നിരയിലും സ്ത്രീകളെ രണ്ടാം നിരയിലും ഇരുത്തിയതിലെ അസ്വഭാവികതയാണ് അഹാന പങ്കുവെച്ചത്. വേദിയിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചാണ് നടി തന്റെ വിയോജിപ്പ് തുറന്നുപറഞ്ഞത്.
സ്ത്രീകളെല്ലാം രണ്ടാം നിരയിലായിപ്പോയത് വെറും ആകസ്മികതയാണോയെന്നും തന്നെ അലോസരപ്പെടുത്തുന്ന ചിന്ത പങ്കുവെയിക്കാതിരിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അഹാന കുറിച്ചു. 'എല്ലാം വളരെ ഭംഗിയായാണ് നടന്നത്. പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ട്. എങ്കിലും ആ വീഡിയോ കണ്ടപ്പോൾ അവിടെ വിജയികളുടെ ഇരിപ്പിടം ക്രമീകരിച്ച രീതി കണ്ടപ്പോൾ മനസിൽ ചെറിയൊരു അസ്വസ്ഥത തോന്നി. സ്ത്രീകളെല്ലാം ഒന്നാം നിരയിൽ ഇരിക്കാത്തത് വെറും ആകസ്മികമാണോ? അവരിൽ പലരും മുൻനിരയിൽ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല. എങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ചിന്ത പങ്കുവെയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല.'-അഹാന കുറിച്ചു.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. പ്രത്യേക ജൂറി പരാമർശം നേടിയ ആസിഫ് അലി, ടൊവിനോ തോമസ്, മികച്ച സംവിധായകനായ ചിദംബരം, മികച്ച നടി ഷംല ഹംസ ഉൾപ്പെടെയുള്ളവരാണ് മുൻനിരയിൽ ഇരുന്നത്.
Content Highlights: ahaana krishna film award criticism about seating arrangement