'എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍'; സിദ്ധാര്‍ഥിന് പിറന്നാളാശംസകളുമായി ഭാര്യ അദിതി റാവു

സിദ്ധാർഥും അദിതിയും | Photos: instagram
സിദ്ധാർഥും അദിതിയും | Photos: instagram

നടന്‍ സിദ്ധാര്‍ഥ് പിറന്നാളാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം ആശംസാപ്രവാഹമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. തന്റെ 46-ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയം നിറയ്ക്കുന്ന ആശംസാ കുറിപ്പാണ് ഭാര്യ അദിതി റാവു ഹൈദരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ളതും സിദ്ധാര്‍ഥ് ഒറ്റയ്ക്കുള്ളതുമായ ഒട്ടേറെ ചിത്രങ്ങളും അദിതി പങ്കുവെച്ചു. 

ഒരുലോഡ് വിശേഷണങ്ങളാണ് അദിതി തന്റെ പ്രിയഭര്‍ത്താവിന് നല്‍കിയത്. 'എന്റെ സ്വകാര്യ യുണിക്കോണിന് പിറന്നാളാശംസകള്‍' എന്ന് പറഞ്ഞുകൊണ്ടാണ് അദിതിയുടെ കുറിപ്പ് തുടങ്ങുന്നത്. 

'എന്റെ ചിരിയുടെയും നേരംപോക്കിന്റേയും പ്രണയത്തിന്റേയും അവസാനമില്ലാത്ത സബ്‌സ്‌ക്രിപ്ഷന്‍. എന്റെ പ്രിയപ്പെട്ട മനുഷ്യന്‍, കൂട്ടുകാരന്‍, സഹയാത്രികന്‍, മൃഗസ്‌നേഹി, നടന്‍, സംവിധായകന്‍, സംഗീതജ്ഞന്‍, ഗായകന്‍, മടിയനായ ഡാന്‍സര്‍, ഫോട്ടോഗ്രാഫര്‍, ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നതിലെ രാജാവ്, പാചകവിദഗ്ധന്‍, പ്രതിഭാധനന്‍. ഇവന്റെ കൂടെയുള്ള ഓരോ നിമിഷവും അടിപൊളിയാണ്. എന്നെന്നും എല്ലാ അനുഗ്രഹങ്ങള്‍ക്കും അര്‍ഹനാണ് നീ. എന്റെ സിദ്ധൂ, നീയാണ് മികച്ചത്.' -ഇതാണ് അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

അദിതിയും സിദ്ധാര്‍ഥും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രൊപ്പോസല്‍ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. 2021-ല്‍ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന തെലുങ്ക് സിനിമയിലൂടെയാണ് അദിതിയും സിദ്ധാര്‍ഥും ആദ്യമായി ഒന്നിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയത്തിന് തുടക്കമിട്ടത്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സിദ്ധാര്‍ഥ് തന്നെ പ്രൊപ്പോസ് ചെയ്തതെങ്ങനെയെന്ന് അദിതി മുമ്പ് തുറന്നുപറഞ്ഞിരുന്നു. അദിതിയുടെ മുത്തശ്ശി സ്ഥാപിച്ച ഒരു സ്‌കൂളില്‍വെച്ചാണ് സിദ്ധാര്‍ഥ് അദിതിയെ പ്രൊപ്പോസ് ചെയ്യുന്നത്.

'ഞാന്‍ മുത്തശ്ശിയുമായി ഏറെ അടുപ്പത്തിലാണെന്ന് സിദ്ധാര്‍ഥിന് അറിയാമായിരുന്നു. മുത്തശ്ശി കുറേക്കാലം മുമ്പ് മരിച്ചു. എങ്കിലും അവര്‍ സ്ഥാപിച്ച പ്രശസ്തമായ ഒരു സ്‌കൂളുണ്ട് ഹൈദരാബാദില്‍. ഒരുദിവസം ആ സ്‌കൂള്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധാര്‍ഥ് എന്നോട് പറഞ്ഞു. അവിടെത്തിയപ്പോള്‍ സിദ്ധാര്‍ഥ് എന്റെ മുന്നില്‍ മുട്ടുകുത്തിനിന്നു. എന്നിട്ട് 'അദു' എന്ന് വിളിച്ചുകൊണ്ട് വിവാഹാഭ്യര്‍ഥന നടത്തി.' -അദിതി പറഞ്ഞു. ആദ്യമായി തന്നെ കണ്ടപ്പോൾ 'ഹലോ ബ്യൂട്ടിഫുള്‍ ഗേള്‍' എന്ന് വിളിച്ചാണ് സിദ്ധാര്‍ഥ് അടുത്തേക്ക് വന്നതെന്നും അദിതി പറഞ്ഞിരുന്നു. 

Content Highlights: Aditi Rao wishes her husband Sidharth on his birthday