ചെരുപ്പിട്ട് പതാക ഉയര്‍ത്തിയതിന് ശില്‍പ ഷെട്ടിക്കെതിരെ വിമര്‍ശനം; മറുപടി നല്‍കി താരം

ശില്‍പ ഷെട്ടി | Photo: instagram/ shilpa shetty/ PTI
ശില്‍പ ഷെട്ടി | Photo: instagram/ shilpa shetty/ PTI

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിലര്‍ സ്വാതന്ത്യദിനാശംസകള്‍ നേര്‍ന്നപ്പോള്‍ മറ്റു ചിലര്‍ പതാക ഉയര്‍ത്തുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചു. ബോളിവുഡ് താരം ശില്‍പ ഷെട്ടിയും കുടുംബത്തോടൊപ്പം വീട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

അമ്മ സുനന്ദ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും മക്കളായ വിയാനും സമീഷയും ശില്‍പയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

ചെരുപ്പ് ധരിച്ച് പതാക ഉയര്‍ത്തിയതായിരുന്നു ഇതിന് കാരണം. ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുതെന്നും പതാക ഉയര്‍ത്തുമ്പോള്‍ ചെരുപ്പ് ഊരണമെന്ന ബോധംപോലും നിങ്ങള്‍ക്കില്ലേയെന്നും ആളുകള്‍ ഈ വീഡിയോക്ക് താഴെ ചോദ്യവുമായെത്തി. 

ഈ വിമര്‍ശനങ്ങള്‍ അതിരുകടന്നതോടെ മറുപടിയുമായി ശില്‍പ രംഗത്തെത്തുകയും ചെയ്തു. പതാക ഉയര്‍ത്തുമ്പോള്‍ ചെരുപ്പ് ഊരണമെന്ന് യാതൊരുവിധ നിയമങ്ങളും ഇല്ലെന്ന് വ്യക്തമാക്കി ഗൂഗ്ള്‍ സെര്‍ച്ച് റിസല്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് താരം പോസ്റ്റ് ചെയ്തു.
 

Content Highlights: actress shilpa shetty trolled for hoisting Indian flag with shoes on