‘ഭർത്താവ് ഒരിക്കലും ബ്രെയ്ൻവാഷ് ചെയ്തിട്ടില്ല, അദ്ദേഹം എന്നെ മുന്നോട്ടുനയിക്കുകയാണ് ചെയ്തത്’

ബിഗ് ബോസ് മത്സരാർഥിയും നടിയും മോഡലുമായിരുന്ന സനാ ഖാൻ ഗ്ലാമർ ലോകം ഉപേക്ഷിച്ച് ആത്മീയതയുടെ വഴി തിരഞ്ഞെടുത്തത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഗുജറാത്തിലെ സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയ്ദിനെ വിവാഹവും കഴിച്ചു. ഇരുവർക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്.
ഇപ്പോഴിതാ ബോളിവുഡ് വിട്ടുപോകാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് സനാ ഖാൻ. ആ തീരുമാനത്തിന് പിന്നിൽ ഭർത്താവ് അല്ലെന്നും അദ്ദേഹം ഒരിക്കലും തന്നെ ബ്രെയ്ൻവാഷ് ചെയ്തിട്ടില്ലെന്നും സന പറയുന്നു. രശ്മി ദേശായിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
താൻ സമാധാനമാണ് ആഗ്രഹിച്ചിരുന്നതെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും സന പറയുന്നു. 'ഹിജാബ് ഇല്ലാതെ നടന്നിരുന്ന അവൾ പെട്ടെന്ന് ഇങ്ങനെയായെന്ന് ആളുകൾ വിചാരിക്കുന്നു. ഭർത്താവ് എന്നെ ബ്രെയിൻവാഷ് ചെയ്തിരിക്കാമെന്നും അവർ കരുതുന്നു. ഒരിക്കലുമില്ല, നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ആർക്കും നിങ്ങളെ ബ്രെയ്ൻവാഷ് ചെയ്യാനാകില്ല. എനിക്ക് സമാധാനമാണ് വേണ്ടിയിരുന്നത്. പണത്തിനും പ്രശസ്തിക്കും പദവിക്കുമൊന്നും ചിലപ്പോൾ അത് നൽകാനാകില്ല.'-സന പറയുന്നു.
അനസുമായുള്ള വിവാഹസമയത്ത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചെന്നും അദ്ദേഹം എല്ലാ പിന്തുണയും നൽകിയെന്നും സന പറയുന്നു. 'ഞങ്ങളുടെ വിവാഹം നിശ്ചയിച്ചത് വളരെ രഹസ്യമായിട്ടായിരുന്നു. എന്റെ മാതാപിതാക്കൾക്ക് മാത്രമാണ് വരന്റെ പേര് അറിയുമായിരുന്നുള്ളു. വിവാഹത്തിന് മെഹന്ദിയിടാൻ വന്ന വ്യക്തി പേര് ചോദിച്ചപ്പോൾ പോലും ഞാൻ അത് വെളിപ്പെടുത്തിയില്ല. ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാനൊരു പുതിയ വ്യക്തിയായി മാറുകയായിരുന്നു. ഇതായിരുന്നു എന്റെ ആഗ്രഹം. അതിലൂടെ എന്നെ നയിച്ചത് അദ്ദേഹമാണ്'-സന പറയുന്നു.
വിവാഹത്തിന് മെഹന്ദി ഇടുന്നതിന് മാത്രമാണ് താൻ പണം നൽകിയതെന്നും ബാക്കിയെല്ലാ ചെലവുകളും വഹിച്ചത് ഭർത്താവ് തന്നെയാണെന്നും സന പറയുന്നു. 'നിക്കാഹിന്റേയും എന്റെ കുടുംബാംഗങ്ങളുടെ താമസവും ഭക്ഷണവും സ്വീകരണവുമെല്ലാം ഭർത്താവാണ് കൈകര്യാം ചെയ്തത്. മെഹന്ദി ഇടാൻ വന്ന വ്യക്തിക്ക് മാത്രമാണ് ഞാൻ പണം കൊടുത്തത്.'-സന പറയുന്നു.
Content Highlights: actress sana khan talks about her decision to quit bollywood